തിരുവനന്തപുരം: ആശയക്കുഴപ്പങ്ങൾക്ക് അറുതിയായി, ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിൽ അടൂർ പ്രകാശ് യു.ഡി.എഫിന്റെ പട നയിക്കും. ബി.ജെ.പി സ്ഥാനാർത്ഥിയുടെ ചിത്രം വ്യക്തമായിട്ടില്ലെങ്കിലും ആറ്രിങ്ങലിലെ മത്സരത്തിന് കാഠിന്യമേറും. ജനപ്രിയനാണ് നിലവിലെ എം.പി ഡോ. എ. സമ്പത്ത്. കെട്ടുറപ്പുള്ള വ്യക്തിബന്ധങ്ങൾ ഈ മേഖലയിൽ അടൂർ പ്രകാശിനുമുണ്ട്.
മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ, ജെ.ആർ. പത്മകുമാർ എന്നവരുടെ പേരുകളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് അയച്ചിട്ടുള്ളത്. അന്തിമതീരുമാനം മുകളിൽ നിന്നാവും.
സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ അടൂർ പ്രകാശ് ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്തെത്തി. പാലോട് രവി, വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരുമായി പ്രാഥമിക ചർച്ചകൾ നടത്തി. ഉച്ചയ്ക്ക് ശേഷം ഡി.സി.സി ഓഫീസിൽ പ്രധാനനേതാക്കളുടെ യോഗം ചേർന്ന് പ്രചാരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. ഇന്നു മുതൽ മണ്ഡലത്തിൽ അടൂർ പ്രകാശ് സജീവമാവും.
അഞ്ചു തവണ കോന്നി അസംബ്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിട്ടുള്ള അടൂർ പ്രകാശ് 2004 മുതൽ 2006 വരെ ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രിയായിരുന്നു. 2011ൽ ആരോഗ്യ-കയർ വകുപ്പും 2012-16 ൽ റവന്യു-കയർ വകുപ്പു മന്ത്രിയുമായി. നിലവിൽ എ.ഐ.സി.സി അംഗവും നിയമസഭയിൽ പാർലമെന്ററി പാർട്ടി ചീഫ് വിപ്പുമാണ്.
തുടക്കം കെ.എസ്.യുവിലൂടെ
കൊല്ലം എസ്.എൻ കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചാണ് പൊതുരംഗത്ത് എത്തുന്നത്. പിന്നീട് കൊല്ലം ജില്ലാ പ്രസിഡന്റായി. ലാ അക്കാഡമി പഠനകാലത്തും കെ.എസ്.യുവിൽ സജീവമായി. ജി. കാർത്തികേയൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്നു പ്രകാശ്. പത്തനംതിട്ട ജില്ല രൂപീകരണത്തിന് ശേഷം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 97 ൽ തെന്നല ബാലകൃഷ്ണപിള്ള കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ, സെക്രട്ടറി പദവും വഹിച്ചു.
കുടുംബം
എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ മുൻ പ്രസിഡന്റും ബോർഡ് മെമ്പറും കൗൺസിൽ അംഗവും ദേവസ്വംബോർഡ് മെമ്പറുമായിരുന്ന അടൂർ എൻ. കുഞ്ഞിരാമന്റെയും വി.എം. വിലാസിനിയുടെയും മകനാണ് അടൂർ പ്രകാശ്. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റായിരുന്ന പി.വി. ശ്രീധരപ്പണിക്കരുടെ മകൾ ജയശ്രീയാണ് ഭാര്യ. മക്കൾ: ജയകൃഷ്ണൻ, ഡോ. യമുന, അജയ് കൃഷ്ണൻ. മരുമക്കൾ: നിഷ, ഡോ. കാർത്തിക് രാജ്, മേഘ ബി. രമേശ്