കുഴിത്തുറ: കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് വയോധികൻ അന്തരവന്റെ നാലുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വാട്ടർടാങ്കിൽ ഉപേക്ഷിച്ചു. കന്യാകുമാരിക്ക് സമീപം ആരോഗ്യപുരം സ്വദേശി ആരോഗ്യ കെപിൻരാജ് -ശരണ്യ ദമ്പതികളുടെ മകൻ റെയ്‌നയാണ് കൊല്ലപ്പെട്ടത്. കെപിൻ രാജിന്റെ അമ്മയുടെ സഹോദരനായ അന്തോണി സ്വാമിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്. കുട്ടിയെ കാണാതായതിനെത്തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം മണകുടിയിലെ അന്തോണി സ്വാമിയുടെ വീടിന് സമീപത്തെ തെങ്ങിൻതോപ്പിലുള വാട്ടർടാങ്കിൽ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളിയായ കെപിൻരാജ് അന്തോണി സ്വാമിയുടെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ വാങ്ങിയ പണം മുഴുവൻ തിരിച്ചുനൽകിയില്ലെന്നാരോപിച്ച് അന്തോണി സ്വാമിയും കെപിൻ രാജും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് റെയിനയെ കാണാതായത്. എന്നാൽ റെയിന തന്റെ കൈയിലുണ്ടെന്നും പണം മടക്കി നൽകിയാൽ കുട്ടിയെ തിരിച്ചേല്പിക്കാമെന്നും അന്തോണി സ്വാമി ശരണ്യയെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടർന്ന് ശരണ്യ തന്റെ ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. കന്യാകുമാരി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തുടർന്നയിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്തോണി സ്വാമിക്കായി കന്യാകുമാരി ഡിവൈ.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിൽ രണ്ട് സ്‌പെഷ്യൽ സ്‌ക്വാഡുകൾ അന്വേഷണം ആരംഭിച്ചു.