തിരുവനന്തപുരം: സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽകയറി ആക്രമിച്ചെന്ന പരാതിയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നിർമ്മാതാവ് ആൽവിൻ ആന്റണി ഡി.ജി.പിക്ക് പരാതി നൽകി. ആൽവിൽ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും തിരുവനന്തപുരത്തെത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെക്കണ്ടാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് ആൽവിൻ ശനിയാഴ്ച തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി വൈകിയതോടെയാണ് ഡി.ജി.പിയെ നേരിട്ട് കണ്ടത്. പരാതിയിലെ അന്വേഷണം വേഗത്തിൽ നടത്തുമെന്നും ഇതിനായി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും ഡി.ജി.പി അറിയിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്, ഭാരവാഹികളായ കിരീടം ഉണ്ണി, രാകേഷ്, സന്ദീപ് സേനൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി റോഷൻ ആൻഡ്രൂസ് ഗുണ്ടകളുമായി എത്തി തന്റെ വീട്ടിൽ ആക്രമണം നടത്തിയെന്നാണ് ആൽവിൻ ആന്റണിയുടെ പരാതി.
റോഷൻ ആൻഡ്രൂസുമായി സഹകരിക്കില്ല:
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
തിരുവനന്തപുരം: റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന. റോഷൻ ആൻഡ്രൂസുമായി ഇനി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റോഷൻ ആൻഡ്രൂസുമായി സിനിമ ചെയ്യുന്ന നിർമാതാക്കൾ ഇനി അക്കാര്യം അസോസിയേഷനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.