രാഷ്ട്രീയവും ഭരണയന്ത്രവുമൊക്കെ ആവോളം അഴിമതിയിൽ മുങ്ങിയിട്ടും രാജ്യം കാത്തിരുന്ന ലോക്പാൽ നിലവിൽ വരാൻ അരനൂറ്റാണ്ടു വേണ്ടിവന്നു. മുൻ സുപ്രീംകോടതി ജഡ്ജിയും നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ പ്രഥമ ലോക്പാലായി നിയമിക്കാൻ തീരുമാനമായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ജസ്റ്റിസ് പിനാകിയുടെ പേര് അന്തിമമായി അംഗീകരിക്കുകയായിരുന്നു. ഒൻപതംഗ ലോക്പാലിലെ മറ്റ് അംഗങ്ങളെയും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കുശേഷം ഔപചാരികമായി രാഷ്ട്രപതി വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് ലോക്പാൽ നിലവിൽ വരും.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി ആരോപണങ്ങളുണ്ടായാൽ അന്വേഷിക്കുക മാത്രമല്ല, പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരത്തോടുകൂടിയുള്ളതായിരിക്കും ലോക്പാൽ സംവിധാനം. 1969 മുതൽ തുടങ്ങിയ ശ്രമമാണ് ഇത്തരത്തിലൊരു അഴിമതി നിരോധന സംവിധാനം പ്രാബല്യത്തിൽ വരുത്താൻ. പതിറ്റാണ്ടുകളോളം കേന്ദ്രം ഭരിച്ച കോൺഗ്രസിനും ഒന്നിലധികം ഭരണം ലഭിച്ച പ്രതിപക്ഷ പാർട്ടികൾക്കും ലോക്പാൽ സംവിധാനം കൊണ്ടുവരാനായില്ല. 2013ൽ പാർലമെന്റ് ഇതു സംബന്ധിച്ച ബിൽ പാസാക്കിയിട്ടും അതനുസരിച്ചുള്ള ലോക്പാൽ നിയമനം നടക്കാൻ പിന്നെയും അഞ്ചുവർഷമെടുത്തു. ഫെബ്രുവരി 28നകം ലോക്പാൽ നിയമനത്തിൽ അന്തിമ തീർപ്പുണ്ടാകണമെന്ന് സുപ്രീംകോടതി ശാസനയുടെ പുറത്താണ് കേന്ദ്ര സർക്കാർ ഇപ്പോൾ അതിനു നടപടിയെടുത്തതെന്നതും ശ്രദ്ധേയമാണ്.
ലോക്പാലിന്റെ അന്വേഷണ പരിധിയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച് ദീർഘകാലം തർക്കങ്ങൾ നിലനിന്നിരുന്നു. പ്രധാനമന്ത്രിയെ ഒഴിച്ചു നിറുത്തണമെന്നും വാദമുണ്ടായി. എന്നാൽ, പ്രധാനമന്ത്രിയെയും നിയമപരിധിയിൽപ്പെടുത്താനുള്ള വ്യവസ്ഥയോടുകൂടിയാണ് 2013ൽ ബിൽ പാർലമെന്റ് പാസാക്കിയത്. പ്രധാനമന്ത്രിക്കു പുറമെ മന്ത്രിമാരും എം.പിമാരും ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരുമൊക്കെ നിയമത്തിന്റെ പരിധിയിൽ വരും. അഴിമതി ആരോപണം തെളിയിക്കപ്പെടുന്ന പക്ഷം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ലോക്പാലിന് അധികാരമുണ്ടായിരിക്കും. ലോക്പാൽ നിയമത്തിലെ കാതലായ വശവും ഇതുതന്നെ. അഴിമതി അന്വേഷണ കമ്മിഷനുകൾക്കോ വിജിലൻസ് കമ്മിഷനോ ഒന്നും പ്രോസിക്യൂഷൻ അധികാരം നൽകിയിട്ടില്ലാത്തതിനാൽ അഴിമതി തെളിഞ്ഞാലും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ഇപ്പോൾ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. വർഷങ്ങൾ തന്നെ അതിനു വേണ്ടിവരും. ലോക്പാൽ നിയമമനുസരിച്ച് അന്വേഷണം പൂർത്തിയാക്കാൻ ഒരു വർഷത്തെ സമയമാണ് നൽകുന്നത്. അന്വേഷണം പൂർത്തിയായാൽ പിന്നീട് ഒരു വർഷത്തിനകം വിചാരണയും പ്രോസിക്യൂഷൻ നടപടികളും പൂർത്തിയാക്കണമെന്നാണ് ചട്ടം. അഴിമതിയിലൂടെ സർക്കാരിനുണ്ടാക്കിയ നഷ്ടം പ്രതികളിൽ നിന്നുതന്നെ ഈടാക്കുകയും വേണം. അഴിമതി മാത്രമല്ല, ലോക്പാലിന്റെ പരിഗണനയിൽ വരിക. സർക്കാർ സേവനങ്ങൾ സമയത്തും കാലത്തും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അതിനു കാരണക്കാരായ ഉദ്യോഗസ്ഥന്മാർക്കെതിരെ പൊതുജനങ്ങൾക്ക് ലോക്പാലിൽ പരാതിപ്പെടാം. ന്യായമായ ഏതു പരാതിയുമായി കേന്ദ്രത്തിൽ ലോക്പാലിനെയോ സംസ്ഥാനങ്ങളിൽ ലോകായുക്തയെയോ സമീപിക്കാനാവും. ലോക്പാൽ നിലവിൽ വരുന്നതോടെ കേന്ദ്ര വിജിലൻസ് കമ്മിഷൻ അതിന്റെ ഭാഗമാകും.
സമഗ്രാധികാരങ്ങളോടെയുള്ള ഒരു അഴിമതി നിരോധന സംവിധാനത്തിനു വേണ്ടിയുള്ള സാധാരണ പൗരന്മാരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് സഫലമാകാൻ പോകുന്നത്. ഇത്തരുണത്തിൽ ലോക്പാലിനു വേണ്ടി പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ അന്ന ഹസാരെ നടത്തിയ പോരാട്ടം കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. 2013ൽ പാർലമെന്റ് ലോക്പാൽ ബിൽ പാസാക്കിയതുതന്നെ അതിന് രണ്ടുവർഷം മുൻപ് ഹസാരെ ഡൽഹിയിൽ രാംലീലാ മൈതാനിയിൽ നടത്തിയ ഐതിഹാസികമായ ഉപവാസം നിമിത്തമായിരുന്നു. പിന്നീട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ജനനത്തിനും ഡൽഹിയിലെ ഭരണമാറ്റത്തിനും വരെ കാരണമായതും ഹസാരെയുടെ ഉപവാസ സമരമായിരുന്നു. ഈ അടുത്ത നാളിലും ഉപവാസത്തിലൂടെ ഹസാരെ ഈ വിഷയം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. അഴിമതി നടത്താനല്ലാതെ അതിനെ പ്രതിരോധിക്കാനുള്ള നിയമങ്ങളിൽ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ സ്വാഭാവികമായും താത്പര്യമുണ്ടാവുകയില്ല. അർബുദം പോലെയാണ് രാജ്യത്ത് അഴിമതി പടർന്നുകയറുന്നത്. അഴിമതി ആരോപണങ്ങളുടെ ആധിക്യംകൊണ്ട് ഭരണകർത്താക്കൾ വീർപ്പുമുട്ടുന്ന അവസ്ഥയിലായിട്ടും അവരെ കുടുക്കാൻ പാകത്തിൽ പല്ലും നഖവുമുള്ള സംവിധാനത്തിന്റെ അഭാവത്തിൽ ആരോപണവിധേയർ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ ഞെളിഞ്ഞു നടക്കുന്നത് ജനങ്ങൾ എന്നും കാണേണ്ടിവരുന്നു. അഴിമതിയിലൂടെ സമ്പാദിച്ച സമ്പത്തുകൊണ്ടുതന്നെ അന്വേഷണം നേരിടാനുള്ള നിയമ വഴികളും മലർക്കെ തുറന്നു കിടക്കുകയാണ്. ലോക്പാൽ നിലവിൽ വന്നതുകൊണ്ട് രാജ്യത്ത് ഒറ്റരാത്രികൊണ്ട് അഴിമതി ഇല്ലാതാകുമെന്ന് ആരും കരുതുന്നില്ല. അതേസമയം, അഴിമതി പ്രകടമായും ദൃഷ്ടിയിൽപ്പെട്ടാൽ പരാതിപ്പെടാൻ വിശ്വസനീയമായ ഒരു സംവിധാനമുണ്ടല്ലോ എന്നതാണ് സമാധാനം. ഒൻപതംഗ ലോക്പാലിന്റെ ഘടന എന്തുകൊണ്ടും നിലവിലെ സാഹചര്യങ്ങൾക്ക് പൂർണമായും ഇണങ്ങുന്നതുതന്നെ. പ്രഥമ ലോക്പാലാകാൻ നിയോഗം ലഭിച്ച പിനാകി ചന്ദ്രഘോഷ് ആ പദവിക്ക് ഏറെ അനുയോജ്യനുമാണ്. കേന്ദ്രത്തിൽ ലോക്പാൽ പ്രവർത്തനം തുടങ്ങുന്നതിനൊപ്പം സംസ്ഥാന ലോകായുക്തകളെയും ശക്തമാക്കേണ്ടതുണ്ട്. നിലവിൽ കേരളം ഉൾപ്പെടെ പല ലോകായുക്തകളുടെയും പ്രവർത്തനങ്ങളിൽ സവിശേഷമായി എന്തെങ്കിലുമുണ്ടെന്ന് തോന്നാത്ത സ്ഥിതിയാണ്.