തൂത്തുക്കുടി: രാഷ്ട്രീയത്തിൽ തന്റെ പിൻഗാമിയായി എം.കെ.സ്റ്റാലിനെ കരുണാനിധി പ്രഖ്യാപിക്കുന്നത് ഒരുപാട് കാലത്തെ ആലോചനകൾക്കും മറ്റുള്ളവരുടെ എതിർപ്പ് അവഗണിച്ചുമാണ്. പക്ഷേ, അതിനും മുമ്പുതന്നെ തന്റെ സാഹിത്യ കീരീടത്തിന് അവകാശിയായി കലൈഞ്ജർ ഇളയ മകൾ കനിമൊഴിയുടെ പേര് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
2ജി സ്‌പെക്ട്രം അഴിമതി രാജ്യത്തെ പിടിച്ചു കുലുക്കിയപ്പോൾ കനിമൊഴിക്കു ലഭിച്ചത് കാരാഗൃഹവാസം. കലൈഞ്ജർ പരസ്യമായി കരഞ്ഞു പോയതും അപ്പോൾ. അതിനു ശേഷവും മകൾക്കു കരുത്തായി അച്ഛനുണ്ടായിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് കനിയെ കലൈഞ്ജർ രാജ്യസഭയിലേക്കയച്ചത്. ദയാനിധി മാരൻ കരുണാനിധി കുടുംബവുമായി ഉടക്കിയപ്പോൾ ഡൽഹിയിൽ ഡി.എം.കെയുടെ മുഖമാവുകയായിരുന്നു കനിയുടെ ദൗത്യം. കനിനൊഴി അത് പെട്ടെന്ന് നേടിയെടുക്കയും ചെയ്തു. കവിത നൽകിയ കരുത്തും പത്രപ്രവർത്തനത്ത പരിചയവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും കനിയെ ഡൽഹിയിലും പോപ്പുലറാക്കി.
കലൈഞ്ജറുടെ വേർപാടിനു ശേഷം കനിമൊഴിയുടെ ഭാവി എന്താകുമെന്ന ചോദ്യമുയർന്നിരുന്നു. പാർട്ടി അദ്ധ്യക്ഷനായ എം.കെ.സ്റ്റാലിൻ അഭിമുഖങ്ങളിലൂടെയാണ് ഡി.എം.കെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തീരുമാനിച്ചത്. കുറുക്കുവഴി തേടാതെ അഭിമുഖത്തിനായി കനിമൊഴി അർദ്ധസഹോദരനു മുന്നിലെത്തി. അധികാരത്തിലെത്തുന്നത് ജനങ്ങൾ തിരഞ്ഞെടുത്തിട്ടാകണം എന്ന ആഗ്രഹമായിരുന്നു കനിക്ക്. കരുണാനിധിയുടെ നിർബന്ധപ്രകാരമാണ് രണ്ടു വട്ടവും കനിമൊഴി രാജ്യസഭാ എം.പിയായത്. ഇപ്പോഴും രാജ്യസഭാ എം.പി. തിരഞ്ഞെടുപ്പു ചൂടിലേക്ക് ഇറങ്ങുന്നത് ഇതാദ്യം. മത്സ്യത്തൊഴിലാളികളും കർഷകരും വിധിയെഴുതുന്ന തൂത്തുക്കുടിയിൽ നിന്നാണ് കനി ജനവിധി തേടുക.
കനലിൽ കുരുത്ത കനിമൊഴി
വ്യക്തി ജീവിതത്തിൽ ഒരുപാട് തിരിച്ചടികളും കയ്പേറിയ അനുഭവങ്ങളും അതിജീവിച്ചാണ് കനിമൊഴി ഇതുവരെ എത്തിയത്. കുട്ടിക്കാലത്ത് പിതാവിന്റെ സ്‌നേഹം കാര്യമായി ലഭിച്ചിരുന്നില്ലെന്ന് കനിമൊഴി ഒരു കവിതയിൽ എഴുതി. കരുണാനിധിയുടെ ജീവിതത്തിലേക്ക് കനിമൊഴിയുടെ അമ്മ രാജാത്തി കടന്നുവന്നത് രണ്ടാംഭാര്യ ദയാലുഅമ്മാളും മക്കളായ സ്റ്റാലിനും അഴഗിരിയുമൊന്നും കുറെ നാൾ അംഗീകരിച്ചില്ല രാജാത്തിയുമായുള്ള ബന്ധമെന്താണെന്ന് നിയമസഭയിൽ പ്രതിപക്ഷത്തു നിന്നുവരെ ചോദ്യമുണ്ടായി. 'രാജാത്തി എന്റെ മകൾ കനിയുടെ അമ്മയാണ്.' -ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജീവിത പങ്കാളിയായിരുന്ന അധിപൻ ബോസുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് ആ ബന്ധം വേർപെടുത്തി. പത്രപ്രവർത്തനുവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലായിരന്നപ്പോൾ പരിചയപ്പെട്ട ജി.അരവിന്ദനെ പിന്നീട് വിവാഹം കഴിച്ചു.
ദ ഹിന്ദുവിൽ സബ് എഡിറ്ററായിട്ടാണ് കനിമൊഴിയുടെ പത്രപ്രവർത്തനാരംഭം. കുങ്കുമം, തമിഴ്‌മുരസ് എന്നിവയിലും ജോലി ചെയ്തു.ഡി.എം.കെ വനിതാ വിഭാഗം അദ്ധ്യക്ഷയായ കനിമൊഴി ദ ഹിന്ദുവിലെ ലേബർ യൂണിയൻ പ്രസിഡന്റ് കൂടിയാണ്