തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം നേരത്തേ പൂർത്തിയാക്കിയ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് നീങ്ങി. യു.ഡി.എഫിൽ ഒരു പരിധിവരെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടുണ്ടെങ്കിലും എൻ.ഡി.എയിൽ കാര്യങ്ങളെങ്ങുമെത്തിയിട്ടില്ല.
പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾക്ക് ശേഷം അസംബ്ലിമണ്ഡലം തൊട്ട് ബൂത്ത്തല കൺവെൻഷനുകൾ വരെ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ് ഇടതുമുന്നണിയിൽ. ഗൃഹസന്ദർശനപരിപാടിയിലേക്കും അവർ നീങ്ങി. മേഖലാ കുടുംബയോഗങ്ങൾ നടന്നുവരുന്നു. അടുത്തഘട്ടത്തിൽ ബൂത്തടിസ്ഥാനത്തിൽ കുടുംബയോഗങ്ങളിലേക്ക് നീങ്ങും. ബി.ജെ.പിക്കും കോൺഗ്രസിനുമെതിരായ രാഷ്ട്രീയനിലപാടുകൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ തമ്മിലെ വ്യത്യാസം, കേന്ദ്രത്തിന്റേത് ജനവിരുദ്ധനയങ്ങളെന്ന് സ്ഥാപിക്കുന്ന വിശദീകരണങ്ങൾ, ഇടതുപക്ഷം എന്തുകൊണ്ട് വിജയിക്കണമെന്ന് സ്ഥാപിക്കാനുള്ള വാദഗതികൾ എന്നിവയെല്ലാം വിവിധ ലഘുലേഖകളായി വോട്ടർമാരിലെത്തിക്കുകയാണ് ലക്ഷ്യം.
ഈ മാസം 23ന് സ്ഥാനാർത്ഥിപര്യടനം ഔദ്യോഗികമായി ആരംഭിക്കാനാണ് ഇടതുമുന്നണി തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെയാകും തീവ്രമായ പ്രചാരണപരിപാടിയിലേക്ക് കടക്കുക. ദേശീയ, സംസ്ഥാന നേതാക്കൾ പ്രചാരണത്തിനെത്തുന്നതും ഏപ്രിൽ ആദ്യത്തോടെയാകും. 20 പാർലമെന്റ് മണ്ഡലങ്ങളിലും ഇതുവരെയുണ്ടായ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയും കോടിയേരിയും നേരിട്ട് പങ്കെടുത്ത് ഉൾപ്പാർട്ടി അവലോകനയോഗങ്ങൾ നടന്നുവരികയാണ്. പ്രവർത്തനപാളിച്ചകളുണ്ടെങ്കിൽ പരിഹരിച്ച് പോവാൻ ലക്ഷ്യമിട്ടാണിത്.
ഇടതുമുന്നണിക്കും മുമ്പേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ കൊല്ലത്തെ ആർ.എസ്.പി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ പ്രചാരണരംഗത്ത് മുന്നോട്ട് പോയിട്ടുള്ളത്. അവിടെ മണ്ഡലം കൺവെൻഷനും പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസത്തോടെ ആദ്യഘട്ട പട്ടിക വന്നതിന് തൊട്ടുപിന്നാലെ 12 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും സജീവമായിക്കഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കോട്ടയത്ത് കേരള കോൺഗ്രസിലെ പി.സി. തോമസും മാത്രമാണ് പ്രചാരണരംഗത്ത് ഇതിനകം കടന്നിരിക്കുന്നത്. ബി.ഡി.ജെ.എസിന്റേതടക്കം സ്ഥാനാർത്ഥിനിർണയത്തിൽ വ്യക്തത വരുമ്പോഴേ അവരും പ്രചാരണരംഗത്ത് സജീവമാകൂ.