വിതുര: വിതുര- പാലോട് റോഡിൽ ചായം ദർപ്പയിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നതുകണ്ടാൽ വെള്ളച്ചാട്ടം എന്നുകരുതും. അതുപോലെയാണ് വെള്ളം പൊട്ടിഒഴുകുന്നത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ വഴിയരികിലെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത്. വിതുര പഞ്ചായത്തിലെ വിതുര, കൊപ്പം, മേലേകൊപ്പം, ആശുപത്രി ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, പോറ്റിക്കുന്ന്, മേമല, തൊളിക്കോട് പഞ്ചായത്തിലെ പച്ചമല, ഉണ്ടപ്പാറ, തേക്കുംമൂട്, തോട്ടുമുക്ക്, കന്നുകാലിവനം, പനയ്ക്കോട്, ചെറുവക്കോണം എന്നീ മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാണ്. പൊൻമുടി, വിതുര, പാലോട് വിതുര റോഡരികുകളിലെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതായും പരാതിയുണ്ട്. ജനം കുടിനീരിനായി പരക്കം പായുമ്പോൾ പാതയോരത്ത വെള്ളം പാഴാകുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. വിതുര കലുങ്ക് ജംഗ്ഷനിൽ മൂന്ന് ദിവസം മുൻപ് തുടർച്ചയായി രണ്ടിടത്ത് പൈപ്പ് പൊട്ടി ശുദ്ധജലം ദിവസങ്ങളോളം റോഡിലേക്ക് ഒഴുകി ദിവസങ്ങളോളം പ്രദേശത്ത് കുടിവെള്ളവിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. വേനൽ കടുത്തതോടെ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും ആധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രിതിഷേധവും ശക്തമാകുന്നുണ്ട്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരം നടത്തുവാൻ ഒരുങ്ങുകയാണ് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വേനൽ കടുത്തതോടെ കുടിനീരിനായി നെട്ടോട്ടമോടുകയാണ്. മിക്ക വീടുകളിലും പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിൽ മിക്കപ്പോഴും വെള്ളം കിട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാർച്ചിലും പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായിരുന്നു. ഈ വർഷവും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മിക്ക പഞ്ചായത്തും നടപടിസ്വീകരിക്കാത്തതിലും പ്രതിഷധം ഉയരുന്നുണ്ട്.