കഴക്കൂട്ടം : കരിയിൽ സ്വദേശി ഉണ്ണിക്കുട്ടനെ (25) ബൈക്കിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വഴിയിൽ തള്ളിയ മൂന്നംഗ ഗുണ്ടാസംഘത്തെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റുചെയ്തു. കഠിനംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷ് (32), മുരുക്കുംപുഴ സുവീമയിൽ സാവിയോ (21), പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപം സക്കീർ മൻസിലിൽ ഷിയാസ് (19) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് പഞ്ചായത്ത് ഉണ്ണിയും സംഘവും ചേർന്ന് ഉണ്ണിക്കുട്ടനെ ചിറ്റാറ്റുമുക്കിന് സമീപത്ത് നിന്നു ബൈക്കിൽ തട്ടിക്കൊണ്ടുപോയി പാച്ചിറയിലെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെയും ഡി.സി.പി ആദിത്യയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ രാത്രി 9 ഓടെ അവശനായ ഉണ്ണിയെ പാച്ചിറയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിദ്യാധരന്റെ നേതൃത്വത്തിൽ കഴക്കൂട്ടം ഇൻസ്‌പെക്ടർ അൻവർ, സബ് ഇൻസ്‌പെക്ടർ എസ്. ഷാജി. സി.പി.ഒമാരായ ശരത്, പ്രസാദ്, അൻസിൽ, മുകേഷ്, ഷിബു, ഷാഡോ പൊലീസ് അരുൺകുമാർ, സജി ശ്രീകാന്ത്, രഞ്ജിത്, വിനോദ്, മനു എന്നിവരുടെ ഊർജിതമായ അന്വേഷണത്തെ തുടർന്ന് പ്രതികളായ മൂവരെയും പോത്തൻകോട് ഭാഗത്ത് നിന്ന് രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉണ്ണിക്കുട്ടന്റെ സംഘം തന്റെ കൂട്ടുകാരനെ 2017 ൽ വെട്ടിക്കൊലപ്പെടുത്തിയതിലുള്ള വിരോധത്താലാണ് പഞ്ചായത്ത് ഉണ്ണി തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. പഞ്ചായത്ത് ഉണ്ണിയുടെ പേരിൽ കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും മൂന്നുതവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. പ്രതികളെ ഇന്നലെ പാച്ചിറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.