തിരുവനന്തപുരം: മോഡൽ പരീക്ഷയിൽ കടുകട്ടി ചോദ്യങ്ങൾക്കു മുന്നിൽ കറങ്ങിപ്പോയതിന്റെ അങ്കലാപ്പോടെ വന്ന കുട്ടികളെ ഇന്നലത്തെ എസ്.എസ്.എൽ.സി ഫിസിക്സ് പരീക്ഷ വലച്ചില്ല. ശരാശരിക്കാർക്കു പോലും മികച്ച രീതിയിൽ സ്‌കോർ ചെയ്യാവുന്ന തരത്തിലുള്ള ചോദ്യങ്ങൾ. ഉയർന്ന മാർക്ക് നേടാൻ കഴിയുമെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മോഡൽ പരീക്ഷയിൽ പ്രശ്ന നിർദ്ധാരണം (പ്രോബ്ലം സോൾവ് ചെയ്യാനുള്ളവ), ബുദ്ധിമുട്ടേറിയ സമവാക്യങ്ങൾ എന്നിവ അടങ്ങിയതായിരുന്നു കൂടുതൽ ചോദ്യങ്ങളും. പൊതുപരീക്ഷയും ഈ രീതിയിൽ തന്നെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു കുട്ടികൾ. എന്നാൽ എളുപ്പം വായിച്ച് മനസിലാക്കാവുന്ന, സിലബസിൽ നിന്നു തന്നെയുള്ളതായിരുന്നു ചോദ്യങ്ങൾ. എ, ബി, സി, ഡി പാർട്ടുകളിലായി ആകെ 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഓരോ വിഭാഗത്തിൽ നിന്നും നാല് ചോദ്യങ്ങൾക്കു വീതം ഉത്തരമെഴുതണം. കൂടുതൽ തല പുകയ്ക്കാതെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനായി ഭൂരിപക്ഷം പേർക്കും.
'കഴിഞ്ഞ വർഷം കരിക്കുലം പരിഷ്‌കരിച്ചതിന്റെ ഭാഗമായി കൂട്ടിച്ചേർത്ത ഇലക്ട്രോണിക്സ് ചാപ്ടറിലെ മോഡേൺ ടെക്‌നോളജി, നാനോ ടെക്‌നോളജി, റോബോട്ടിക്സ് തുടങ്ങിയ പാഠഭാഗങ്ങൾ കുട്ടികൾക്ക് അത്ര പരിചിതമായിരുന്നില്ല. ഈ ഭാഗങ്ങളിൽ നിന്ന് അധികം ചോദ്യങ്ങൾ വരാത്തത് കുട്ടികൾക്ക് സഹായകമായി. പ്രോബ്ലം സോൾവ് ചെയ്യാനുള്ളവയാകട്ടെ കുട്ടികൾക്ക് പ്രയാസകരവുമായിരുന്നില്ല. ഫിസിക്സിൽ മുൻപത്തെക്കാൾ കൂടുതൽ എ പ്ലസ് പ്രതീക്ഷിക്കാം.'
- സിന്ധു എസ്., ഫിസിക്സ് അദ്ധ്യാപിക,
കോട്ടൺഹിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ