bsnl

തിരുവനന്തപുരം : പോസ്റ്ര് പെയ്ഡ് കണക്‌ഷ‌നെടുത്ത് ബി.എസ്.എൻ.എല്ലിനെ ലക്ഷങ്ങൾ കബളിപ്പിച്ച കേസിലെ പ്രതികൾ ഉപയോഗിച്ചത് വ്യാജ രേഖകളെന്ന് സാക്ഷി. തിരുവനന്തപുരം ടെലികോം സർക്കിളിലെ ചീഫ് അക്കൗണ്ട് ഒാഫീസർ ഗോപിനാഥാണ് പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകിയത്. പ്രസ് റോഡിലുള്ള ടെലിഗ്രാഫ് ഒാഫീസിലെ സബ് ഡിവിഷണൽ എൻജിനിയർ ബി. രഘൂത്തമൻ നായർ, ബി.എസ്.എൻ.എൽ സിം കാർഡിന്റെ അംഗീകൃത വിതരണക്കാരനായ അൻസാരി, ഹാർഡ് വെയർ ഉടമ എം. ഷിജു, ജീവനക്കാരായ മഹേഷ് സിൻഹ, എൻ. ശ്രീകേഷ്, എസ്. മുബാറക്ക്, രേഖാ വേണുഗോപാൽ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

വ്യാജ രേഖകളുപയോഗിച്ചെടുത്ത പോസ്റ്റ് പെയ്ഡ് കണക്‌ഷനിൽ നിന്ന് ലക്ഷക്കണക്കിന് രൂപയ്‌ക്ക് ഫോൺ വിളിച്ചാണ് പ്രതികൾ ബി.എസ്.എൻ.എല്ലിനെ കബളിപ്പിച്ചത്. ജില്ലയിലെ വിവിധ എക്സ്ചേഞ്ചുകളിലെ വ്യാജ ബില്ലുകൾ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ബില്ലടയ്ക്കാത്തതിനെ തുടർന്ന് നിയമ നടപടി സ്വീകരിക്കാൻ ബി.എസ്.എൻ.എൽ ഒരുങ്ങിയപ്പോഴാണ് പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ച് കണക്‌ഷൻ എടുത്തെന്ന് ബോദ്ധ്യമായത്. ഷിജുവിന്റെ ഒാഫീസ് കമ്പ്യൂട്ടറിൽ നിന്നാണ് ഫോൺ കണക്‌ഷനുള്ള വ്യാജ ബില്ലുകളും തിരിച്ചറിയൽ രേഖകളും ഉണ്ടാക്കിയതെന്നാണ് സി.ബി.എെയുടെ കണ്ടെത്തൽ.