തിരുവനന്തപുരം: നഗരത്തിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതിനും സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുന്നതിനുമായി രൂപീകരിച്ച ഓപ്പറേഷൻ ബോൾട്ടിന്റെ മൂന്നാം ദിവസവും പിടിയിലായത് നിരവധിപേർ.സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ നടക്കുന്ന റെയ്ഡ് ഇന്നലെ പ്രധാനമായും
ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു. വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർ വഴി കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ നഗരത്തിലെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയത്. നഗരത്തിലെ സ്റ്റേഷൻ പരിധികളിലുള്ള 117 ലേബർ ക്യാമ്പുകളിലാണ് റെയ്ഡ് നടത്തിയത്. ലഹരി വില്പനക്കാരെ പിടികൂടുന്നതിനായി നടത്തിയ മറ്റു പരിശോധനകളിൽ 11 പേരെ ലഹരി വസ്തുക്കളുമായും, നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് ഏതൊക്കെ വഴികളിലാണ് ലഹരി വസ്തുക്കളെത്തുന്നതെന്നും ആരൊക്കെയാണ് ഇവ കടത്തുന്നതെന്നുമുള്ള വിവരം കണ്ടെത്തി ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ലോക്കൽ പൊലീസും ട്രാഫിക് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനകൾ തുടരുമെന്നും, പിടികൂടുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു.
ഓപ്പറേഷൻ ബോൾട്ട്
37 പേരെയാണ് ലഹരിവസ്തുക്കളുമായി പിടികൂടിയത്
വാറണ്ടുകൾ പ്രകാരം 314 പേർ
മുൻകരുതൽ പ്രകാരം അറസ്റ്റിലായത് 97 പേർ
4329 വാഹനങ്ങൾ പരിശോധിച്ച് 292 വാഹനങ്ങൾക്കെതിരെ നിയമ നടപടി എടുത്തു
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 2990 വാഹന ഉടമകൾക്കെതിരെ പെറ്റിക്കേസ്
117 ലേബർ ക്യാമ്പുകളിലാണ് റെയ്ഡ് നടത്തിയത്