തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഓൺലൈൻ പരീക്ഷകൾ സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെയും ഉദ്യോഗാർത്ഥികളുടെയും സൗകര്യം കണക്കിലെടുത്താണ് സ്വകാര്യമേഖലയിലെ എൻജിനിയറിംഗ് കോളേജുകളിലെ സംവിധാനം കൂടി ഉപയോഗപ്പെടുത്തി കൂടുതൽ സീറ്റുകൾ ഓൺലൈൻ പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്.
നിലവിൽ 29 സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളാണ് പി.എസ്.സിയുടെ ഓൺലൈൻ സംവിധാനവുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. ഇതിന് പുറമെ പി.എസ്.സിയുടെ നാല് ഓൺലൈൻ സെന്ററുകൾ കൂടി വരുമ്പോൾ ഒരുദിവസം ഏകദേശം 8500 പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. പല തസ്തികകളിലും സ്ഥാനക്കയറ്റത്തിനും മറ്റുമായി 12,000 മുതൽ 18,000 വരെയുള്ള സർക്കാർ ജീവനക്കാരാണ് വകുപ്പ്തല പരീക്ഷ എഴുതുന്നത്. ഇതിന് നിലവിലുള്ള കമ്പ്യൂട്ടറുകളും ലാബുകളും തികയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളുടെ സഹായം തേടാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറുള്ള കോളേജ് അധികാരികളിൽ നിന്നും സമ്മതപത്രം ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പി.എസ്.സിയുടെ വെബ്‌സൈറ്റിൽ നൽകും.
# ഓൺലൈൻ പരീക്ഷ ഞായറാഴ്ച
ഞായറാഴ്ചകളിൽ പി.എസ്.സി നടത്തുന്ന വകുപ്പ്തല ഓൺലൈൻ പരീക്ഷകൾക്കെതിരെ ക്രൈസ്തവ സഭകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്ചകളിലും പരീക്ഷ നടത്തിയാൽ മാത്രമേ നിലവിലെ അവസ്ഥയിൽ വകുപ്പ്തല പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയൂ എന്നാണ് പി.എസ്.സി യോഗം വിലയിരുത്തിയത്. എംപ്ലോയിമെന്റ് എക്സ്‌ചേഞ്ചിൽ പി.എസ്.സിയുടെ സഹായകേന്ദ്രങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി എംപ്ലോയിമെന്റ് എക്സ്‌ചേഞ്ചിലെ ജീവനക്കാർക്കായി പരിശീലന പരിപാടികൾ നടത്തും