ഇന്ത്യൻ ഫുട്ബാളിൽ പ്രൊഫഷണലിസത്തിന്റെ അവസാന വാക്കാണ് ബംഗളൂരു എഫ്.സി. കഴിഞ്ഞ രാത്രി നിത അംബാനിയിൽ നിന്ന് ഐ.എസ്.എൽ അഞ്ചാം സീസൺ ജേതാക്കൾക്കുള്ള ട്രോഫി സുനിൽ ഛെത്രി ഏറ്റുവാങ്ങിയപ്പോൾ ഇന്ത്യൻ ഫുട്ബാൾ ആരാധകരെല്ലാം കൈയടിച്ചതും ഈ പ്രൊഫഷണൽ സമീപനത്തിനുള്ള അംഗീകാരമായാണ്.
2013 ജൂലായ് 20ന് സ്ഥാപിക്കപ്പെട്ട ബംഗളൂരു എഫ്.സി കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയിലെ മറ്റെല്ലാ ഫുട്ബാൾ ക്ളബുകൾക്കും മാതൃകയായാണ് വളർന്നിരിക്കുന്നത്. കളിക്കളത്തിൽ മാത്രമല്ല, പുറത്തും പ്രൊഫഷണലിസത്തിന്റെ മേന്മയാണ് നീലക്കുപ്പായക്കാരുടെ വിജയരഹസ്യം. മുംബയ് കേന്ദ്രമായ ജെ.എസ്. ഡബ്ളിയു ബിസിനസ് ഗ്രൂപ്പിന്റെ ചിറകിൽ വളർന്ന ബംഗളൂരു എഫ്.സി കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ തൊട്ട് ഒന്നാംകിട നിലവാരമുള്ള ഫീൽഡ് എക്വിപ്മെന്റുകൾ ഉപയോഗിക്കുന്നതിൽ വരെ പക്കാ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുന്നു.
ആദ്യ മൂന്ന് വർഷക്കാലം പരിശീലകനായിരുന്ന ഇംഗ്ളണ്ടുകാരൻ ആഷ്‌ലി വെസ്റ്റ് വുഡ് നൽകിയ അടിസ്ഥാനത്തിൽ നിന്നാണ് ബംഗളൂരു എഫ്.സിയുടെ വളർച്ച. 89 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച വെസ്റ്റ്‌വുഡ് 49 വിജയങ്ങളും സമ്മാനിച്ചാണ് മടങ്ങിയത്. ഇതിൽ രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷൻ കപ്പും ഉണ്ടായിരുന്നു. തുടർന്ന് രണ്ടുവർഷം സ്പെയ്ൻകാരനായ ആൽബർട്ട് റോക്ക കോച്ചായി. റോക്ക പരിശീലിപ്പിച്ച 73 മത്സരങ്ങളിൽ 43 എണ്ണത്തിലും വിജയിക്കാനായി. ഇന്ത്യൻ സൂപ്പർ ലീഗിൽ ക്ളബ് അരങ്ങേറ്റം നടത്തിയതും റോക്കയ്ക്ക് കീഴിലാണ്. കഴിഞ്ഞ സീസണിലാണ് മറ്റൊരു സ്പെയ്ൻകാരനായ കാർലോസ് കുദ്രാത്ത് സ്ഥാനമേൽക്കുന്നത്.
ഐ.എസ്.എല്ലിലെത്തിയ ആദ്യ സീസണിൽ തന്നെ ചാമ്പ്യൻമാരാകാനുള്ള കഴിവ് ബംഗളൂരുവിനുണ്ടായിരുന്നുവെങ്കിലും ഫൈനലിൽ ഭാഗ്യം തുണച്ചില്ല. ലീഗ് റൗണ്ടിലെ സൂപ്പർ പ്രകടനവുമായി ഫൈനലിലെത്തിയ ബംഗളൂരു എഫ്.സി. അവിടെ ചെന്നൈയിൻ എഫ്.സിക്ക് മുന്നിൽ കാലിടറി വീണു. പക്ഷേ, ഇത്തവണ ബംഗളൂരുവിന് ചുവടുപിഴച്ചില്ല. ലീഗ് റൗണ്ടിലെ മികവ് ഫൈനൽ പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞു. കലാശക്കളിയിൽ അധികസമയത്ത് രാഹുൽ ഭെക്കെയിലൂടെ വിജയഗോളും നേടാനായി.
ഒന്നോ രണ്ടോ വിദേശതാരങ്ങളുടെ ചിറകിൽ രൂപം നൽകിയതല്ല ബംഗളൂരു എഫ്.സി. ഇന്ത്യൻ നായകൻ സുനിൽ ഛെത്രി അടക്കമുള്ള തദ്ദേശീയ താരങ്ങളാണ് ഈ ദക്ഷിണേന്ത്യൻ ക്ളബിന്റെ കരുത്ത്. രാഹുൽ ഭെക്കെ, ഗുർപ്രീത് സിംഗ് സന്ധു, ഹർമൻ ജ്യോത് ഖബ്ര, റിനോ ആന്റോ, ഉദാന്ത സിംഗ്, നിഷുകുമാർ തുടങ്ങിയ ഇന്ത്യൻ താരങ്ങളിലൂടെയാണ് ഇക്കുറി അവർ കിരീടത്തിലേക്ക് കുതിച്ചത്. മിക്കു, എറിക് പാർത്താലു, സിസ്കോ ഹെർണാണ്ടസ് തുടങ്ങിയ വിദേശങ്ങളുമായി ഇണങ്ങിക്കളിക്കാൻ പ്രൊഫഷണൽ സമീപനമാണ് അവരെ തുണയ്ക്കുന്നത്.
ഇന്ത്യൻ ഫുട്ബാളിന് പറയത്തക്ക ആവേശമൊന്നും നൽകാതെയാണ് അഞ്ചാം സീസൺ ഐ.എസ്.എല്ലിന് വിരാമമിട്ടിരിക്കുന്നത്. കേരള ബ്ളാസ്റ്റേഴ്സിന്റെ നാണംകെട്ട മടക്കം മലയാളി ആരാധകരെയും നിരാശരാക്കി. ഈ ഇല്ലായ്മകൾക്കിടയിലെ ആശ്വാസമാണ് ബംഗളൂരുവിന്റെ കിരീട ധാരണം.
ബംഗളൂരു എഫ്.സി കരിയർ ഗ്രാഫ്
2013
ൽ ക്ളബിന് തുടക്കം
2013-14 ഐ ലീഗ് കിരീടം
2014-15 ഫെഡറേഷൻ കപ്പ് കിരീടം, ഐ ലീഗ് റണ്ണർ അപ്പ്
2015-16 ഐ ലീഗ് കിരീടം, എ.എഫ്.സി കപ്പ് റണ്ണർ അപ്പ്
2016-17 ഫെഡറേഷൻ കപ്പ് കിരീടം
2017-18 ഐ.എസ്.എൽ റണ്ണർ അപ്പ്
2018 സൂപ്പർ കപ്പ് കിരീടം
2018-19 ഐ.എസ്.എൽ കിരീടം
കോച്ച് കൗഡ്രാറ്റ് മുതൽ ബാൾബോയ് വരെ ഈ കിരീട നേട്ടം ആഗ്രഹിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഫൈനലിനിറങ്ങിയത്. സെറ്റ്പീസുകൾ എങ്ങനെയെടുക്കണമെന്നത് ഞങ്ങളുടെ ഡ്രസിംഗ് റൂമിലെ ബാത്റൂമിൽപോലും എഴുതിവച്ചിരുന്നു.
സുനിൽ ഛെത്രി,
ബംഗളൂരു എഫ്.സി നായകൻ