ജിൻസൺ, ആരോക്യ രാജീവ്, സ്വപ്ന ബർമ്മൻ ഏഷ്യൻ യോഗ്യതാ മാർക്ക് കടന്നു.
പട്യാല : ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി താരം ജിൻസൺ ജോൺസൺ ദോഹയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യതയും സ്വന്തമാക്കി.
ഇന്നലെ 3 മിനിട്ട് 41.67 സെക്കൻഡിലാണ് യു.പിക്കാരനായ അജയ് കുമാർ സരോജിനെ പിന്നിലാക്കി ജിൻസൺ ഫിനിഷ് ചെയ്തത്. 3 മിനിട്ട് 46 സെക്കൻഡായിരുന്നു ഏഷ്യൻ യോഗ്യതാമാർക്ക്. അജയ്
കുമാർ സരോജും (3 മിനിട്ട് 43.57 സെക്കൻഡ്) മൂന്നാമതെത്തിയ രാഹുലും (3 മിനിട്ട് 44.94 സെക്കൻഡ്) ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി.
പുരുഷൻമാരുടെ 400 മീറ്ററിൽ തമിഴ്‌നാടിന്റെ ആരോക്യ രാജീവ് 45.73 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഷ്യൻ യോഗ്യത നേടിയപ്പോൾ 45.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത മലയാളി താരം മുഹമ്മദ് അനസിന് വെള്ളി ലഭിച്ചെങ്കിലും ഏഷ്യൻ യോഗ്യത മറികടക്കാനായില്ല. 45.85 സെക്കൻഡായിരുന്നു ഏഷ്യൻ യോഗ്യതാമാർക്ക്. കേരള താരം കുഞ്ഞി മുഹമ്മദ് 46.47 സെക്കൻഡിൽ മൂന്നാമതെത്തി.
അനസിന്റെ അനിയൻ അനീസ് ലോംഗ് ജമ്പിൽ സ്വർണം നേടി. 7.50 മീറ്ററാണ് അനീസ് ചാടിയത്. എന്നാൽ, 7.90 മീറ്ററിന്റെ ഏഷ്യൻ മാർക്ക് മറികടക്കാൻ അനീസിന് കഴിഞ്ഞില്ല.
വനിതകളുടെ 400 മീറ്ററിൽ ഹിമദാസ് സ്വർണം നേടിയെങ്കിലും ഏഷ്യൻ യോഗ്യത നേടാൻ കഴിഞ്ഞില്ല. 52.88 സെക്കൻഡായിരുന്നു യോഗ്യതാ മാർക്ക്.
ഹെപ്റ്റാത്ത്ലണിൽ 5900 പോയിന്റ് നേടി. സ്വപ്നബർമനും പുരുഷ സ്റ്റീപ്പിൾ ചേസിൽ ദേശീയ റെക്കാഡ് തിരുത്തിയെഴുതി അവിനാഷ് സാബ്‌ലെയും ഏഷ്യൻ യോഗ്യത നേടി.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ എലിസബത്ത് ആന്റണി കേരളത്തിനായി വെള്ളി നേടി. പുരുഷ 100 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ഫായിസിനും വെള്ളി ലഭിച്ചു. 100 മീറ്ററിൽ കെ. രംഗയ്ക്കും 1500 മീറ്ററിൽ പി.യു. ചിത്രയ്ക്കും വെങ്കലം ലഭിച്ചു.