മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ മറ്റൊരു ഹാട്രിക്കിന്റെ ചിറകിലേറി കേണൽ മെസി വിലസിയപ്പോൾ കിരീടത്തിലേക്ക് പറന്നടുത്ത് ബാഴ്സലോണ.
കഴിഞ്ഞ രാത്രി റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിലാണ് മെസി ഹാട്രിക് നേടിയത്. മത്സരം 4-1ന് ബാഴ്സലോണ വിജയിക്കുകയും ചെയ്തു. ഇതോടെ ലാലിഗ പട്ടികയിൽ 10 പോയിന്റ് ലീഡോടെ ബാഴ്സ കിരീടത്തിലേക്ക് അടുക്കുകയും ചെയ്തു.
ബെറ്റിസിന്റെ തട്ടകമായ ബെനിറ്റോ വിയ്യാമാരിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 18-ാം മിനിട്ടിലാണ് മെസി സ്കോറിംഗ് തുടങ്ങിയത്. 45-ാം മിനിട്ടിലും 85-ാം മിനിട്ടിലുമായി ഹാട്രിക് പൂർത്തിയാക്കി. 63-ാം മിനിട്ടിൽ സുവാരേസ് സ്കോർ ചെയ്തു. 82-ാം മിനിട്ടിൽ ലോറെൻ മോറോനാണ് ബെറ്റിസിന്റെ ആശ്വാസഗോൾ നേടിയത്.
1,2,3
18-ാം മിനിട്ടിൽ ബോക്സിന് അരികിൽ നിന്നെടുത്ത തകർപ്പനൊരു ഫ്രീ കിക്കിൽ നിന്നായിരുന്നു മെസിയുടെ ആദ്യഗോൾ. ഇടംകാലുകൊണ്ട് വലയുടെ ഇടതുമൂലയിലേക്ക് സുന്ദരമായി വളച്ചുകയറ്റുകയായിരുന്നു മെസി.
ആദ്യപകുതിക്ക് വിസിൽ മുഴങ്ങുന്നതിനു തൊട്ടുമുമ്പ് സുവാരേസിന്റെ പാസിൽ നിന്ന് മെസിയുടെ രണ്ടാം ഗോൾ. പ്രതിരോധക്കാരെല്ലാം സുവാരേസിന് പിന്നാലെ കൂടിയപ്പോൾ ഈസിയായി മെസി ഫിനിഷിംഗ്
85-ാം മിനിട്ടിൽ പന്തുമായി ബോക്സിലേക്ക് ഓടിക്കയറി ഡിഫൻഡർമാരെയും ഗോളിയെയും കബളിപ്പിച്ച ചിപ്പ് ഷോട്ടിലൂടെ മെസിയുടെ ഹാട്രിക് പൂർത്തിയായി.
33
സ്പാനിഷ് ലാലിഗയിലെ മെസിയുടെ ഹാട്രിക്കുകളുടെ എണ്ണം. 34 ഹാട്രിക്കുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇക്കാര്യത്തിൽ മെസിക്ക് മുന്നിലുള്ളത്.
29
ഗോളുകളാണ് ഈ സീസൺ ലാലിഗയിൽ മെസി ബാഴ്സലോണയ്ക്കുവേണ്ടി നേടിയത്. യൂറോപ്യൻ ടോപ് 5 ലീഗുകളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരവും മെസി തന്നെ.
7
ഗോളുകൾ മെസി നേടിയത് ബോക്സിന് പുറത്തുനിന്നാണ്. ഇതിൽ നാലെണ്ണം ഡയറക്ട് ഫ്രീകിക്കിൽ നിന്നും
16
കഴിഞ്ഞ 16 ലാലിഗ മത്സരങ്ങളിൽ തോൽവിയറിയാത്ത ടീമാണ് ബാഴ്സലോണ. 13 ജയങ്ങളും മൂന്ന് സമനിലകളും.
18
ഈ സീസണിൽ സെറ്റ് പീസുകളിൽ നിന്ന് ഏറ്റവുമധികം ഗോൾ നേടിയ ടീമാണ് ബാഴ്സലോണ.
674
ബാഴ്സയ്ക്കു വേണ്ടി മെസി കളിച്ച മത്സരങ്ങളുടെ എണ്ണം. ആന്ദ്രേ ഇനിയെസ്റ്റയുടെ റെക്കാഡിനൊപ്പം മെസിയുമെത്തി.
477
മത്സരങ്ങളിൽ ബാഴ്സലോണ കുപ്പായത്തിൽ മെസി വിജയിച്ചു. സാവിയെ മറികടന്ന് മെസിയുടെ തേരോട്ടം.
128
ഗോളുകൾ ബാഴ്സലോണയ്ക്ക് വേണ്ടി തികച്ച ലൂയിസ് സുവാരേസ് സ്പാനിഷ് ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഉറുഗ്വേ താരമെന്ന ഡീഗോ ഫോർലാന്റെ റെക്കാഡിനൊപ്പമെത്തി.
ലാലിഗ പോയിന്റ് നില
(ക്ളബ്, മത്സരം, പോയിന്റ് ക്രമത്തിൽ)
ബാഴ്സലോണ 28-66
അത്‌ലറ്റിക്കോ 28-56
റയൽ മാഡ്രിഡ് 28-54
ഗെറ്റാഫെ 28-46
അലാവേസ് 28-44
സുവാരേസിന് പരിക്ക്
റയൽ ബെറ്റ്സുമായുള്ള മത്സരത്തിന്റെ അവസാന സമയത്ത് ലൂയിസ് സുവാരേസിന് പരിക്കേറ്റത്. ബാഴ്സയ്ക്ക് തിരിച്ചടിയായി. കാൽക്കുഴയ്ക്കാണ് പരിക്കേറ്റത്. ഒരാഴ്ചയോളം സുവാരേസിന് വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഓസ്‌പിനയ്ക്ക് തലയ്ക്ക് പരിക്കേറ്റു
ടൂറിൻ: കഴിഞ്ഞ രാത്രി ഇറ്റാലിയൻ സെരി എ ഫുട്ബാൾ ലീഗിൽ ഉഡിനെസിനെതിരായ മത്സരത്തിനിടെ നാപ്പോളിയുടെ കൊളംബിയൻ ഗോളി ഡേവിഡ് ഓസ്‌പിനയ്ക്ക് തലയ്ക്ക് പരിക്കേറ്റു. മത്സരത്തിന്റെ തുടക്കത്തിൽ ഉഡിനെസ് സ്ട്രൈക്കർ ഇഗ്‌നേഷ്യ പുസ്സേറ്റയുമായി കൂട്ടിയിടിച്ച് വീണ ഓസ്‌പിനയെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്. പരിക്ക് അതീവ ഗുരുതരമല്ലെന്ന് മത്സരശേഷം നാപ്പോളി കോച്ച് കാർലോസ് ആഞ്ചലോട്ടി അറിയിച്ചു.