chelse-epl
chelse epl

ചെൽസി -0, എവർട്ടൺ 2

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എവർട്ടൺ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെൽസിയെ കീഴടക്കി. ഇതോടെ പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്ന ചെൽസിയുടെ മോഹത്തിന് മങ്ങലേറ്റു.

എവർട്ടന്റെ തട്ടകമായ ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 49-ാം മിനിട്ടിൽ റിച്ചാർലിസണും 72-ാം മിനിട്ടിൽ സിഗുർഡ്സണുമാണ് ചെൽസിയുടെ വലയിൽ പ്രകമ്പനങ്ങളുണ്ടാക്കിയത്.

ഈ തോൽവിയോടെ ചെൽസി പ്രിമിയർലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 30 കളികളിൽ നിന്ന് 57 പോയിന്റാണ് ചെൽസിക്കുള്ളത്.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ 2-1ന് തോൽപ്പിച്ച ലിവർപൂൾ പ്രിമിയർലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 26-ാം മിനിട്ടിൽ സാഡിയോ മാനേയും 81-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് മിൽനറുമാണ് ലിവർപൂളിനു വേണ്ടി സ്കോർ ചെയ്തത്. 74-ാം മിനിട്ടിൽ ബാബേൽ ഫുൾഹാമിനെ സമനിലയിലെത്തിച്ചു.

പ്രിമിയർ ലീഗ് പോയിന്റ് നില

(ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ)

ലിവർപൂൾ 31-76

മാഞ്ചസ്റ്റർ സിറ്റി 30-74

ടോട്ടൻഹാം 30-61

ആഴ്സനൽ 30-60

മാഞ്ചസ്റ്റർ യുണൈറ്റഡ് 30-58

ചെൽസി 30-57

മിലാൻ ഡെർബിയിൽ ഇന്റർ

ഇന്റർമിലാൻ 3 - എ.സി മിലാൻ 2

റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മിലാൻ ഡെർബിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്ററിന് ജയം.

ആവേശം നിറഞ്ഞുനിന്ന അഞ്ചുഗോൾ പിറന്ന മത്സരത്തിൽ മൂന്നാം മിനിട്ടിൽ ബസീനോയിലൂടെ ഇന്ററാണ് ആദ്യം സ്കോർ ചെയ്തത്. 51-ാം മിനിട്ടിൽ ഡിവ്രീ ലീഡുയർത്തി. 57-ാം മിനിട്ടിൽ ബകായോങ്കോയിലൂടെ സെമിലാൻ ആദ്യ ഗോൾ നേടി. 67-ാം മിനിട്ടിലെ ലൗട്ടാറോ മാർട്ടിനെസിന്റെ പെനാൽറ്റി ഇന്ററിനെ 3-1ന് മുന്നിലെത്തിച്ചു. 71-ാം മിനിട്ടിൽ മുസാഷിയോയാണ് എസിയുടെ രണ്ടാം ഗോൾ നേടിയത്.