crime

കൊല്ലം: ചാരായം വിറ്റുണ്ടാക്കിയ പണത്തിൽ നിന്നാണ് കുരീപ്പുഴ കളീൽഭാഗം കോളനിക്ക് സമീപം തൈവിള കിഴക്കേതിൽ വീട്ടിൽ രമണൻ (64) കുബേരനായത്. എട്ടാം ക്ളാസ് പഠിത്തം മാത്രമാണുള്ളതെങ്കിലും പലിശപ്പണം കൂട്ടാൻ രമണന് മനക്കണക്ക് ധാരാളം. കഴിഞ്ഞദിവസം അഞ്ചാലുംമൂട് പൊലീസ് രമണന്റെ വീട്ടിൽ റെയ്ഡിനെത്തിയപ്പോൾ വലുതായൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കാലപ്പഴക്കം ചെന്ന വീട്. അകത്തും പുറത്തും വൃത്തിയില്ലാത്ത അന്തരീക്ഷം. റെയ്ഡ് തുടങ്ങി വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയപ്പോൾ ലഭിച്ചത് പത്തുലക്ഷം രൂപയും സ്വർണവും മറ്റ് രേഖകളും!

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തന്റെ പണ ഇടപാടുകളെപ്പറ്റി രമണൻ മനസ് തുറന്നത്. പണ്ട് ചാരായം വാറ്റിയതും വില്പന നടത്തിയതും അതിൽ നിന്ന് ലഭിച്ച പണം ചെറിയ പലിശയ്ക്ക് കൊടുത്ത് തുടങ്ങിയതുമൊക്കെ രമണൻ അക്കമിട്ട് പറഞ്ഞു. ആളും തരവും നോക്കി പലിശ കൂട്ടുകയും കുറയ്ക്കുകയും ചെയ്യും.

ശനിയാഴ്ച രാത്രി 7.15 മുതൽ 9.30വരെയായിരുന്നു പൊലീസ് റെയ്ഡ്. എ.സി.പി അനിൽകുമാർ, അഞ്ചാലുംമൂട് എസ്.ഐ പ്രതാപ് ചന്ദ്രൻ, ഗ്രേഡ് എസ്.ഐമാരായ റോയി, ജയപ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, മനേഷ് എന്നിവരും പങ്കെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ്ന്റ് ചെയ്തു.

പലിശ ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. രമണന് ഇത്രയധികം പണം വന്നത് എങ്ങനെയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചാരായം വിറ്റ് ഉണ്ടാക്കിയ തുകയാണെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്. മറ്റാരുടെയെങ്കിലും പണം ഈ തരത്തിൽ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഓപ്പറേഷൻ കുബേരയിൽ ഉൾപ്പെടുത്തിയാണ് റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയമായതിനാൽ വലിയ തുക വീടുകളിൽ സൂക്ഷിക്കുന്നതും ഗൗരവമായിട്ടാണ് അധികൃതർ കാണുന്നത്.

10 രൂപ പലിശ

നൂറ് രൂപയ്ക്ക് പത്ത് രൂപ പലിശയാണ് രമണന്റെ നിരക്ക്. അത്യാവശ്യക്കാരനാണെങ്കിൽ പന്ത്രണ്ടായി ഉയർത്തും. ഇല്ലായ്മക്കാരന് പലിശയിൽ ഇളവ് നൽകും. അഞ്ച്, മൂന്ന് രൂപ ക്രമത്തിലേക്ക് പലിശ കുറയും. ജാമ്യത്തിന് സ്വർണം, ബ്ളാങ്ക് ചെക്ക്, ഒപ്പിട്ട മുദ്രപ്പത്രങ്ങൾ, സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട പേപ്പറുകൾ എന്നിവ വാങ്ങിവയ്ക്കും. വീടിനുള്ളിൽ പണം ഇടപാടുകൾക്കായി ഒരു മുറിയുണ്ട്. ഇതും തീർത്തും വൃത്തിഹീനമാണ്.

പൊളിഞ്ഞ ടി.വിക്കുള്ളിൽ ലക്ഷങ്ങൾ

റെയ്ഡിനെത്തിയ പൊലീസ് മേശവലിപ്പും അലമാരയും പരിശോധിച്ചെങ്കിലും കൂടുതലൊന്നും കിട്ടിയില്ല. എന്നാൽ തകരാറിലായ ടെലിവിഷനിൽ വെറുതെ തട്ടിനോക്കിയപ്പോൾ അത് തുറന്നു. അതിനുള്ളിലാണ് ലക്ഷങ്ങൾ ഒളിപ്പിച്ചുവച്ചത്. പഴയ പേപ്പറുകളിലും പ്ളാസ്റ്റിക് കവറുകളിലുമൊക്കെയായിട്ടായിരുന്നു ബാക്കി നോട്ടുകെട്ടുകൾ. പത്തുലക്ഷം രൂപ ഇവിടെ നിന്ന് പിടിച്ചെടുത്തു. പത്ത് പവന്റെ ആഭരണങ്ങൾ, 20 ലക്ഷം രൂപ വീതം ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തതിന്റെ 25 സർട്ടിഫിക്കറ്റുകൾ, ബ്ളാങ്ക് ചെക്കുകൾ, മുദ്രപ്പത്രങ്ങൾ, സ്റ്റാമ്പ് പതിച്ച പേപ്പറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

സഹായികളും വക്കീലും

രമണന് പലിശപ്പണം പിരിച്ചെടുക്കാൻ സഹായികളുണ്ട്. വിരട്ടൽ വേണ്ടിടത്ത് അതിനും തയ്യാറുള്ളവർ. കേസും വഴക്കുമുണ്ടായാൽ സ്വന്തമായി ഒരു അഭിഭാഷകനുമുണ്ട്. വലിയ തുക പലിശയ്ക്ക് കൊടുക്കുമ്പോൾ അഭിഭാഷകനെ സഹായത്തിന് വിളിച്ച് രേഖയുണ്ടാക്കും.