crime

ചേർത്തല: ദേശീയപാതയിൽ കഞ്ഞിക്കുഴിയിലെ ബാറിന് മുന്നിൽ നടനും സുഹൃത്തുക്കളും ചേർന്ന് നാട്ടുകാരുമായി ഏ​റ്റുമുട്ടിയ സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ചേർത്തല തെക്ക് തിരുവിഴ സ്വദേശി സുധീർ, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേർ എന്നിവർക്കെതിരെയാണ് മാരാരിക്കുളം പൊലീസ് കേസെടുത്തത്.

കഞ്ഞിക്കുഴി ജംഗ്ഷന് വടക്ക് ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാർഡ് എസ്.എൽ പുരം അറയ്ക്കൽ ഹരീഷ് (28), പഴയതോപ്പിൽ അനൂപ് (29) എന്നിവർക്കാണ് പരിക്കേ​റ്റത്. സുധീറും സുഹൃത്തുകളും ബാറിന് സമീപം കാർ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ, നടന്നു പോകുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതതിന് പിന്നാലെ നാട്ടുകാരും എത്തിയതോടെയാണ് സംഘട്ടനത്തിൽ കലാശിച്ചത്. ഈ സമയം, അക്രമം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വിഷയത്തിൽ ഇടപെടുന്നതിന് പകരം രംഗങ്ങൾ തന്റെ മൊബൈലിൽ പകർത്തിയതും വിവാദമായിട്ടുണ്ട്.