പുനലൂർ: മൊബൈൽ ഫോണിൽ സംസാരിച്ച് കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വൈറ്റിലയിൽ നിന്ന് പുനലൂർ - പത്തനാപുരം വഴി പാലായിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ബിജുവിനെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

പുനലൂരിലെ ആർ.ടി ഓഫീസ് സ്ഥിതി ചെയ്യുന്ന നെല്ലിപ്പള്ളിയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചു പോകുന്നത്‌ നാട്ടുകാർ കണ്ടു. ഇവർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അസി. മോട്ടോ‌ർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജീപ്പിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ഏഴ് ദിവസത്തിനകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇന്ന് പുനലൂരിലെ ആർ.ടി ഓഫീസിൽ ബിജു എത്തി മൊഴി നൽകും. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.