കോട്ടയം: ഇടവഴിയിലൂടെ കൊമ്പനുമായി വന്നപ്പോൾ യുവാവ് കുറുകെചാടി. രോഷാകുലനായ ആനപാപ്പാൻ യുവാവിനെ ശാസിച്ചു. തിരികെപ്പോയ യുവാവ് മറ്റ് മൂന്നു പേരെയും കൂട്ടി എത്തി പാപ്പാനെ മർദ്ദിച്ചു. പാപ്പാൻ എളിയിൽ തിരികിയിരുന്ന കത്തി എടുത്ത് കുത്തി. തുടർന്ന് ആനപാപ്പാൻ അറസ്റ്റിലായി. യുവാവ് ആശുപത്രിയിലും. കഴിഞ്ഞദിവസം വൈകിട്ട് ചാന്നാനിക്കാട്ടാണ് സംഭവം.

പാപ്പാൻ മണർകാട് മാലം സ്വദേശി നന്ദുവാണ് (26) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ നന്ദുവിനെ റിമാൻഡ‌് ചെയ്തു.

പൂവൻതുരുത്ത് സ്വദേശി മോഹനനാണ് കുത്തേറ്റത്. നെറ്റിയിൽ കുത്തേറ്റ മോഹനനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നാല് സ്റ്റിച്ചുണ്ട്.

ഇന്ദ്രജിത്ത് ആണ് ആനയുടെ മുന്നിൽ കുറുകെ ചാടിയത്. ഇന്ദ്രജിത്ത് വിളിച്ചുകൊണ്ടു വന്ന ആളാണ് മോഹനൻ. സംഭവത്തെ തുടർന്ന് ഒളിവിൽപോയ നന്ദുവിനെ ചിങ്ങവനം എസ്.ഐയും സംഘവും ചേർന്ന് ഇന്നലെ പിടികൂടുകയായിരുന്നു.