പത്തനാപുരം: ഒരു കുടുംബത്തിലെ നാല് കുട്ടികളടക്കം ആറുപേരെ കാണാതായ സംഭവത്തിൽ കുന്നിക്കോട്
പൊലീസ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കുന്നിക്കോട് സജീർ മൻസിലിൽ സജീറിന്റെ ഭാര്യ ഷെമീന (22), ഇവരുടെ മകൻ സിദാൻ (മൂന്ന്), കുന്നിക്കോട് റീജ മൻസിലിൽ റിയാസ് മനാഫിന്റെ ഭാര്യ സൽമ (23), ഇവരുടെ മക്കളായ റിയാൻ (ഒൻപത്), റിസ്‌വാൻ (ഏഴ്), റസൽ (അഞ്ച്) എന്നിവരെയാണ് കാണാതായത്.
കഴിഞ്ഞ 13 മുതൽ കുന്നിക്കോട്ട് നിന്നാണ് ഇവരെ കാണാതായത്. സ്കൂളിൽ നിന്ന് കുട്ടികളെയും വിളിച്ച് ഓട്ടോറിക്ഷയിൽ കയറിപ്പോയതായി കണ്ടിരുന്നു. യുവതികൾ അടുത്ത ബന്ധുക്കളും ഉറ്റസുഹൃത്തുക്കളുമാണ്.
ഷെമീനയും കുടുംബവും മാസങ്ങളായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ 12ന് ഇവർ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സൽമ കണ്ണനല്ലൂരിലെ വീട്ടിൽ എത്തുകയും ഭർത്താവ് റിയാസിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം കുന്നിക്കോട്ടെ വീട്ടിലെത്തിയ ശേഷം ബാഗുകളിൽ തുണിനിറച്ചാണ് യുവതികൾ കുട്ടികളുമായി ഓട്ടോറിക്ഷയിൽ കയറിപ്പോയത്.
കാണാതായവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പത്തനാപുരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർ എത്തിച്ചേരാൻ ഇടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലും മറ്റും ഇതിനകം പൊലീസും ബന്ധുക്കളും തെരച്ചിൽ നടത്തി. പത്തനാപുരം സി.ഐ ബി.എസ്.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.