കൊച്ചി : നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ ഗുണ്ടകളുമായെത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ് ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റ് ഉടനുണ്ടാകില്ല. സംഭവത്തിൽ ആൽവിൻ ആന്റണി തന്നെ മർദ്ദിച്ചെന്ന് കാട്ടി റോഷൻ ആൻഡ്രൂസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്ത ശേഷം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം, കേസ് അന്വേഷണം എറണാകുളം സൗത്ത് സി.ഐക്ക് ഉടൻ കൈമാറും. എസ്.ഐയുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആൽവിൻ ആന്റണി ഇന്നലെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആൽവിൽ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും തിരുവനന്തപുരത്തെത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ട് പരാതി നൽകിയത്. തുടർന്നാണ് പൊലീസ് നടപടി വേഗത്തിലായത്. കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളിനഗറിലുള്ള ആൽവിന്റെ വസതിയിൽ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷൻ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി. ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലെ അസോസിയേറ്റായ പെൺകുട്ടിയുമായി മകൻ സൗഹൃദത്തിലായിരുന്നു. റോഷൻ മോശമായി പെരുമാറുന്നുവെന്ന് പെൺകുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആർക്കെങ്കിലും ഒപ്പം പ്രവർത്തിക്കാൻ നിർദ്ദേശിച്ചു. ഇക്കാര്യം റോഷൻ അറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് മാതാവ് എയ്ഞ്ചൽ പറഞ്ഞു.
വീട്ടിലെത്തി മകനുമായി സംസാരിക്കണമെന്ന് നിർബന്ധം പിടിച്ച റോഷൻ ഗുണ്ടകളുമായാണ് എത്തിയത്. ആദ്യം സംയമനത്തോടെ സംസാരിച്ച റോഷൻ പ്രകോപിതനായി പുറത്തുകാത്തുനിന്ന 25 ലധികം പേരെ വിളിച്ചു വരുത്തി. വീട്ടിലുണ്ടായിരുന്ന സുഹൃത്തായ ഡോക്ടറോട് ആൽവിൻ ജോൺ എവിടെയുണ്ടെന്ന് ചോദിച്ചെങ്കിലും അതിന് കൂട്ടാക്കാതെ വന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. റോഷൻ വീട്ടിൽ വന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ റോഷൻ ആൻഡ്രൂസ് തയ്യാറായില്ല. സംഭവത്തിന് പിന്നാലെ റോഷൻ ആൻഡ്രൂസിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. ഇനി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റോഷൻ ആൻഡ്രൂസുമായി സിനിമ ചെയ്യുന്ന നിർമാതാക്കൾ ഇനി അക്കാര്യം അസോസിയേഷനെ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.