കോട്ടയം: വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്തശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തിയതിന് പിടിയിലായ കണ്ണൂർ തളിപ്പറമ്പ് കാക്കോട്ടയ്ക്കാത്ത് ഫൈസൽ ഹസൻ (36) നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെയാണ് എറണാകുളം പള്ളുരുത്തിയിൽ നിന്ന് ഇയാളെ പിടികൂടിയത്. തൊടുപുഴ സ്വദേശിയുടെ നിസാൻ സണ്ണി, ഐടെൻ എന്നീ ബ്രാൻഡുകളിലുള്ള രണ്ട് കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ കൈക്കലാക്കിയ കാറുകൾ പൊലീസ് കണ്ടെടുത്തു. വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്തശേഷം ഉടമയ്ക്ക് തിരികെ നൽകാതെ വിലപേശി പണം തട്ടുകയാണ് ഇയാളുടെ രീതി. കണ്ണൂരിൽ ആറ് ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്.

തട്ടിപ്പ് നടത്തിക്കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഇയാളുടെ അന്തർസംസ്ഥാന മാഫിയ ബന്ധങ്ങളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിൽ ഡാൻസ് ബാർ നടത്തുകയാണെന്നാണ് ഫൈസൽ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് കളവാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.