കൊല്ലം: പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ കൊല്ലം ശാഖയിൽ നിന്ന് രണ്ട് കോടിയോളം രൂപയുടെ ആഭരണങ്ങൾ അപഹരിച്ച സെയിൽസ് മാനേജർ പൊലീസിൽ കീഴടങ്ങാൻ കൊല്ലത്ത് എത്തിയതായി സൂചന. കണ്ണൂർ സ്വദേശിയും മുൻ മാനേജരുമായ ജോർജ് തോമസാണ് കൊല്ലത്തെത്തി അഭിഭാഷകൻ മുഖേന കീഴടങ്ങാൻ നീക്കം ആരംഭിച്ചത്. ഏകേദശം രണ്ട് കോടിയുടെ ആഭരങ്ങളാണ് പല ഘട്ടങ്ങളിലായി ജോർജ് തോമസ് കവർന്നത്. ഒരു വിവാഹ പാർട്ടി വാങ്ങിയ ശേഷം പിന്നീട് എടുക്കാൻ സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ പറഞ്ഞ ദിവസത്തിന് മുമ്പ് തിരിച്ചെടുക്കാൻ എത്തിയപ്പോൾ കാണാതായപ്പോഴാണ് കളവ് പുറത്തായത്. ഉടൻ സ്ഥാപനത്തിൽ നിന്ന് മുങ്ങിയ ജോർജ് തോമസിനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.
കൊട്ടിയം തഴുത്തല സ്വദേശിനിയായ സ‌്‌ത്രീക്ക് തട്ടിപ്പിൽ പങ്കുള്ളതായി വ്യക്തമായ തെളിവ് ഉണ്ടായിട്ടും പൊലീസ് ഇവരെ ചോദ്യം ചെയ്‌ത് വിട്ടയക്കുകയായിരുന്നുവെന്ന് ഷോറൂം മാനേജ്‌മെന്റ് പറയുന്നു. ജോർജ് തോമസ് ലോക്കറിൽ നിന്ന് സ്വർണം അപഹരിച്ചതിന്റെ ദൃശ്യങ്ങൾ വിവിധ ഘട്ടങ്ങളിലായി സുരക്ഷാ കാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്വർണം അപഹരിച്ച വേളകളിൽ ഇതിന് തൊട്ടുപിന്നാലെ സ്ഥാപനത്തിന് പുറത്തുവന്ന ജോർജ് തോമസ് ഫോണിൽ സംസാരിച്ചത് കൊട്ടിയം സ്വദേശിനിയായ സ്‌ത്രീയുമായിട്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചു. തുടർന്ന് ഒരു കാറിൽ കയറി ജോർജ് തോമസ് സ്വർണം കൈമാറിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഈ കാർ കൊട്ടിയത്തെ സ്‌ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.