മുംബയ്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡറായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ തിരഞ്ഞെടുത്തതിലൂടെ കഴിവിനോ അംഗീകാരത്തിനോ ലിംഗമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് രാജ്യം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തുക, വോട്ടിംഗ് ശതമാനം ഉയർത്താനുള്ള പ്രചാരണം നടത്തുക തുടങ്ങിയ ജോലികളാണ് 38കാരിയായ ഗൗരിയെ കാത്തിരിക്കുന്നത്. രാജ്യത്തെ ഏക ട്രാൻസ്ജെൻഡർ പോൾ അംബാസിഡർ എന്ന ബഹുമതിയാണ് ഇതിലൂടെ ഗൗരിയ്ക്ക് ലഭിച്ചത്.
ലൈംഗികത്തൊഴിലാളികൾക്കിടയിലും വീട്ടമ്മമ്മാർക്കിടയിലുമായിരിക്കും തന്റെ പ്രവർത്തനങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഗൗരി ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ''ഒരു രാഷ്ട്രീയ പാർട്ടിയും ലൈംഗികത്തൊഴിലാളികളെയോ അവരുടെ ക്ഷേമത്തെയോ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ വോട്ടുചെയ്യുന്നതിനെക്കുറിച്ച് അവരും ചിന്തിക്കാറില്ല. എന്നാൽ, ഇത്തവണ അങ്ങനെയാകില്ല." - ഗൗരി പറയുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗൗരി പുതുമുഖമാണെങ്കിലും വാർത്തകളിൽ ഗൗരി പുതുമുഖമല്ല. ഏകദേശം രണ്ട് വർഷങ്ങൾക്കുമുമ്പാണ് ഗൗരിയെയും വളർത്തുമകളെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിക്സ് കാമ്പെയിന്റെ ഭാഗമായി പരസ്യചിത്രം പുറത്തിറങ്ങിയത്. അമ്മയാകാൻ സ്ത്രീയായി ജനിക്കണമെന്നില്ല എന്ന് കണ്ടവരെല്ലാം പറഞ്ഞ പരസ്യം. പക്ഷേ, ഗൗരിയ്ക്കും മകൾക്കും അത് പരസ്യംമാത്രമല്ല, ജീവിതംതന്നെയായിരുന്നു.
പൂനെയിലെ ഒരു പൊലീസുകാരന്റെ മകനായി ജനിച്ച ഗണേഷ് സാവന്ത് ഏറെ യാതനകൾ സഹിച്ചാണ് തന്റെ കുട്ടിക്കാലം കഴിച്ച് കൂട്ടിയത്. കൂട്ടുകാർ കളിയാക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ ഉള്ളിലെ സ്ത്രീയെ ഗൗരി തിരിച്ചറിഞ്ഞത്. വീട്ടുകാരുടെ പോലും കളിയാക്കലുകൾ താങ്ങാൻ കഴിയാതെയാണ് ഒടുവിൽ കോളേജ് വിദ്യാർത്ഥിയായിരിക്കെ ഗൗരി വീടും നാടും ഉപേക്ഷിക്കുന്നത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറിയ ഗൗരി 2000ൽ മുംബയിൽ സഖി ചാർ ചൗഖി എന്ന പേരിൽ ട്രാൻസ്ജെൻഡേഴ്സിനായി ഒരു നോൺ ഗവൺമെന്റ് ഓർഗനൈസേഷൻ ആരംഭിച്ചു.
2001ലാണ് ഗായത്രി എന്ന കൊച്ചു പെൺകുട്ടിയെ സൊനഗച്ചിയുടെ തെരുവുകളിൽനിന്ന് ഗൗരി ദത്തെടുക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനായി ഒരു വക്കീലാവുക എന്നതാണ് ഗായത്രിയുടെ ഇപ്പോഴത്തെ ആഗ്രഹം.
കണക്കുകളിലെ വോട്ടർമാർ
ലഭ്യമായ കണക്കനുസരിച്ച് 2086 ട്രാൻസ്ജെൻഡർ വോട്ടർമാർ മഹാരാഷ്ട്രിയിലുണ്ട്. 2014 ൽ ഇത് 918 മാത്രമായിരുന്നു. 2012 വരെ മഹാരാഷ്ട്രയിൽ ഒരൊറ്റ ട്രാൻസ്ജെൻഡറും രജിസ്റ്റർ ചെയ്തിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം.