anathari

ചിറയിൻകീഴ്: ശാർക്കരയിലെ ആനകൾക്ക് സുരക്ഷിത താവളത്തിനായി ഒരുക്കിയ ആനത്തറികളുടെ നിർമ്മാണം അനന്തമായി നീളുന്നു. ഇതുകാരണം ശാർക്കര ക്ഷേത്രത്തിലെ ആനകളായ ആജ്ഞനേയനും ചന്ദ്രശേഖരനും മഴയും വെയിലുമേറ്റ് നിൽക്കണ്ട അവസ്ഥയാണ്. ശാർ‌ക്കര ദേവീക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭഗവതി കൊട്ടാരത്തിന് സമീപത്താണ് രണ്ട് ആനത്തറികൾ ഒരുങ്ങുന്നത്

ഇതുവരെ നടന്ന ആനത്തറി നിർമാണത്തിൽ അപാകതകൾ ഏറെയെന്നാണ് ആക്ഷേപം. ആനയുടെ പിൻകാലുകളിലെ ചങ്ങല ബന്ധിപ്പിക്കുന്ന പില്ലറിന് ബലക്കുറവും മതിയായ സുരക്ഷിതത്വവുമില്ല. നാട്ടാന പരിപാലന ചട്ടത്തിൽ മദപ്പാട് കാലത്ത് ആനയ്ക്ക് വെള്ളം കുടിക്കുവാനും കുളിക്കുവാനും വേണ്ടി തൊട്ടിക്കല്ല് സ്ഥാപിക്കണം. അതിവിടെ സ്ഥാപിച്ചിട്ടില്ല. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയാൻ കാരണമെന്ന പരാതിയും വ്യാപകമാണ്. അമ്പലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചുട്ടികുത്തൽ പുരയ്ക്ക് സമീപമായാണ് ആനകളെ ഇപ്പോൾ തളച്ചിരിക്കുന്നത്. മുൻപ് തുറസായിക്കിടന്ന ഈ സ്ഥലം മതിൽകെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ആനകൾക്ക് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഭഗവതി കൊട്ടാരത്തിലാണ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സമയത്തുളള കറണ്ട് ചാർജ്ജ് അടയ്ക്കാത്തതിനാൽ ഭഗവതി കൊട്ടാരത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇതുകാരണം ആനത്തറിയിലെ കിണറ്റിൽ പമ്പ് സെറ്റുവയ്ക്കുവാനും കഴിയാത്ത സാഹചര്യമാണ്. ഈ വിഷയത്തിന് വേണ്ട പരിഹാരമാർഗങ്ങൾ നടന്നു വരികയാണെന്നാണറിയുന്നത്. ആനത്തറിയുടെ മറ്റ് അപാകതകൾ കൂടി പരിഹരിച്ച് നി‌ർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി എത്രയും വേഗം ആനകൾക്കായി ആനത്തറി പ്രവർത്തന സജ്ജമാക്കണമെന്നുള്ളതാണ് ആവശ്യം.