kummanam-shashi-tharoor-c

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേനൽചൂടിനെ വെല്ലുംചൂട്! ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മത്സരമാണ് തിരുവനന്തപുരത്ത്. ഒന്നാമൻ ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷിൽ മൂന്നാമതായി ആരാണെത്തുക എന്നതുപോലും തിരുവനന്തപുരത്ത് പ്രവചനം അസാദ്ധ്യം. അത്രയ്ക്ക് കടുത്ത പോരാണ് തലസ്ഥാനത്ത്. മുൻ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം.പിയുമായ ശശിതരൂർ, മുൻ സംസ്ഥാന മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ സി.ദിവാകരൻ, ജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന കുമ്മനം രാജശേഖരൻ എന്നീ പ്രമുഖരാണ് തിരുവനന്തപുരത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നത്.

രണ്ടുതവണ എം.പിയായ ശശിതരൂരിന് മൂന്നാംവട്ടത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് മിന്നും വിജയം നേടിയ സി.ദിവാകരനും ജയിക്കുമെന്നുറപ്പിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഒ.രാജഗോപാൽ കേരളത്തിലെ ആദ്യത്തെ ബി.ജെ.പി എം.എൽ.എ ആയെങ്കിൽ കേരളത്തിൽ നിന്ന് ജയിക്കുന്ന ആദ്യത്തെ ബി.ജെ.പി എം.പിയാവാനുള്ള കടുത്ത പോരാട്ടത്തിലാണ് ഗവർണർ പദവി രാജിവച്ചെത്തിയ കുമ്മനം രാജശേഖരൻ.

മണ്ഡലത്തിൽ ഒരു റൗണ്ട് ഓട്ടപ്രദക്ഷിണം നടത്തിയ ശശി തരൂർ കൺവെൻഷനുകളിൽ പങ്കെടുത്തു വരികയാണ്. മത്സര രംഗത്ത് ആദ്യമെത്തിയ സി.ദിവാകരനാവട്ടെ ആ മുൻതൂക്കം നിലനിറുത്താനുള്ള ശ്രമത്തിലാണ്. കുമ്മനത്തിന് വേണ്ടി ചുവരെഴുത്തുകളും ബൂത്തുതലത്തിലുള്ള സംഘടനാ പ്രവ‌ർത്തനവും തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം വരാത്തതിനാൽ കുമ്മനം പ്രചാരണ രംഗത്തിറങ്ങിയിട്ടില്ല. ഇന്ന് പ്രഖ്യാപനം വരുന്നതോടെ കുമ്മനവും ശക്തമായ പ്രചാരണവുമായി മുന്നോട്ടെത്തും.

തങ്ങളുടെ ഉറച്ച സീറ്രായിട്ടാണ് യു.ഡി.എഫ് തിരുവനന്തപുരത്തെ കാണുന്നത്. ശശി തരൂരിന്റെ വ്യക്തിപ്രഭാവവും പത്ത് വർഷം എം.പിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും നേട്ടമായി അവർ എടുത്തുകാട്ടുന്നു. മതന്യൂനപക്ഷങ്ങളുടെ ഇടയിൽ യു.‌ഡ‌ി.എഫിനുള്ള സ്വാധീനവും തരൂരിന് ഗുണകരമാവുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

ദേശീയ തലത്തിൽ നടന്ന ചില തിര‌ഞ്ഞെടുപ്പ് സർവേകളിൽ കേരളത്തിൽ ഒരു സീറ്ര് ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയത് ബി.ജെ.പിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭമാണ് കുതിച്ചുചാട്ടത്തിന് ബി.ജെ.പി കാരണമായി കാണുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്കാണ് ഒ.രാജഗോപാൽ രണ്ടാം സ്ഥാനത്തേക്ക് പോയത്. നിയമസഭാ തിര‌ഞ്ഞെടുപ്പിൽ എതാണ്ട് ഇതിനോടടുത്ത് പ്രകടനം കാഴ്ചവയ്ക്കാൻ കഴി‌ഞ്ഞു. നേമത്ത് വിജയിക്കാനും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും രണ്ടാം സ്ഥാനം നേടാനും കഴിഞ്ഞതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നതായി ബി.ജെ.പി വിലയിരുത്തുന്നു.

കഴി‌ഞ്ഞ തവണ സി.പി.ഐ സ്ഥാനാർത്ഥിയെ ചൊല്ലിയുണ്ടായ വിവാദ സാഹചര്യം ഇപ്പോഴില്ലായെന്നതും മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിൽ വിജയിച്ചതും തങ്ങളുടെ സാദ്ധ്യതയ്ക്കുള്ള തെളിവായി എൽ.ഡി.എഫ് കരുതുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ പിന്നാക്ക വോട്ടിൽ ഭൂരിഭാഗവും ഇത്തവണ എൽ‌.ഡി. എഫിന് കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. സ്ഥാനാർത്ഥി വിവാദത്തെ തുടർന്ന് കഴിഞ്ഞതവണ നഷ്ടമായ പല വോട്ടുകളും ഇത്തവണ നിലനിറുത്താൻ കഴിയുമെന്നാണ് ഇടതുകാമ്പിന്റെ അവകാശ വാദം. മണ്ഡലത്തിൽ സുപരിചിതനായ ദിവാകരന്റെ പ്രവർത്തന പാരമ്പര്യവും അനുകൂല ഘടകമായി ഇടതുമുന്നണി വിലയിരുത്തുന്നു.