ജലമില്ലെങ്കിൽ ജീവനില്ല, ജീവിതവും. അന്യഗ്രഹങ്ങളിലുൾപ്പെടെയുള്ള വാസയോഗ്യതയുടെ ഒന്നാം വസ്തുവായി ജലസാന്നിദ്ധ്യമാണ് പരിഗണിക്കുന്നത്.
ഇന്ന് ലോക ജലദിനം. എല്ലാവർക്കും ജലം. ആരും പിറകിൽ ഉപേക്ഷിക്കപ്പെടരുത് എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ജല ദിനാചരണവിഷയം. ലോകത്താകെ ജലദിനമാഘോഷിക്കുമ്പോഴും മൂന്നിലൊന്ന് ജനങ്ങൾക്ക് ശുദ്ധജലം കിട്ടാക്കനിയാണ്. എൺപതു ശതമാനം ഗ്രാമീണരും ശുദ്ധവും സുരക്ഷിതവുമായ ജലം സമീപത്ത് ലഭിക്കാത്തവരാണ്. 2030-ഓടു കൂടി ലോകരാജ്യങ്ങൾ സുസ്ഥിരവികസന പ്രവർത്തന ലക്ഷ്യങ്ങൾ നേടണമെന്നും എല്ലാവർക്കും ജലം ഉറപ്പാക്കണമെന്നും യു.എൻ ആഹ്വാനം ചെയ്യുന്നു.
ഒരു വശത്ത് ദിനാചരണങ്ങൾ, പ്രഖ്യാപനങ്ങൾ, കരാറുകൾ, ഉദ്ഘോഷങ്ങൾ. എന്നാൽ ജലദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും ഒരു കുറവുമില്ല. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പഠനവിഷയങ്ങൾ മാത്രമല്ല. കൺമുന്നിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ്. ജലദാരിദ്ര്യവും ജലമലിനീകരണവും ജലചൂഷണവും കൂടിയാവുമ്പോൾ ഇനി എത്രനാൾ ജീവജലമുണ്ടാകുമെന്ന് പറയാനാവില്ല. മലിന ജലോപയോഗത്തിലൂടെയുള്ള ശിശുമരണനിരക്ക് വലിയ ഭീഷണിയാണ്. പ്രകൃതി വിഭവങ്ങളുടെ കലവറയായിരുന്ന കേരളവും ജലദുരിതങ്ങൾ അനുഭവിച്ചു തുടങ്ങി. നൂറ്റാണ്ടുകളിലെ ഏറ്രവും വലിയ വരൾച്ച 2016 ലും ഓഖി ദുരന്തങ്ങൾ 2017 ലും എല്ലാം തകർത്തെറിഞ്ഞ പ്രളയം 2018ലും നാം കണ്ടു. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ മനസിലാക്കിയിട്ടും എന്തു പഠിച്ചുവെന്നും എങ്ങനെ മാറുന്നുവെന്നതും ചിന്താവിഷയങ്ങളാണ്.
ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലുൾപ്പെടുന്ന കേരളത്തിൽ വരൾച്ചയും ജലക്ഷാമവും വെള്ളപ്പൊക്കവുമെല്ലാം എങ്ങനെയുണ്ടാവുന്നു ഒരു ഹെക്ടർ വനം മുപ്പതിനായിരം ഘനകിലോ മീറ്ററും ഒരു ഹെക്ടർ വയൽ മൂന്നുലക്ഷം ലിറ്ററും മഴയെ ഉൾക്കൊള്ളും. ജലകുംഭങ്ങളായ മലകൾ നമുക്ക് ഭാരമാവുമ്പോൾ ജലമെവിടെ പിടിക്കും. ഇല്ലാതാവുമോ കാടുകളും കാവുകളും വയലുകളും തണ്ണീർത്തടങ്ങളും. നശിപ്പിക്കുന്നത് ദാഹനീരു കൂടിയാണ്. ജലസ്രോതസുകളായ നദികൾ, കായലുകൾ, കുളങ്ങൾ, തോടുകൾ, അരുവികൾ എന്നിവ മലിനപ്പെടുത്തുന്നതിൽ നമുക്ക് യാതൊരു നാണക്കേടുമില്ല. ഇവയെല്ലാം കൂടിയാവുമ്പോൾ ശുദ്ധജലമെങ്ങനെ സുലഭമായി എല്ലാവർക്കും ലഭിക്കും.
മഴക്കാലങ്ങളിൽ വെള്ളപ്പൊക്കം, പ്രളയം, മഴമാറിയാൽ വരൾച്ച എന്നതാണ് അവസ്ഥ. പെയ്തൊഴിയുന്ന മഴ നമുക്ക് ബാധ്യതയും ശല്യവുമായാണ് കാണുന്നത്. മഴയെ കരുതണമെന്നറിഞ്ഞിട്ട് കാലമെത്രയായി. മാറുകയും ഏറുകയും കുറയുകയും ചെയ്യുന്ന മഴയൊന്നും നമുക്ക് വിഷയങ്ങളല്ല. കണിക്കൊന്നയ്ക്ക് കാലം മാറുന്നു. മാവ് പൂക്കുന്നതും ചക്ക കായ്ക്കുന്നതും തെങ്ങ് വിളയുന്നതുമെല്ലാം എപ്പോഴുമാകാമെന്ന സ്ഥിതിയിലായി. നാട്ടിൽ വരൾച്ചയറിയിച്ച് മയിലുകളിറങ്ങുന്നു. മൂന്നാറിൽ കാക്കയുടെ സാന്നിദ്ധ്യം എല്ലാം കൂടിയാകുമ്പോൾ കാലം മാറുന്നു. കാലാവസ്ഥയും. കടലിന് ചൂട് കൂടുന്നതിനനുസരിച്ച് കാലാവസ്ഥയിൽ ഗൗരവമായ മാറ്റമാണ് അനുഭവപ്പെടുന്നത്.
പ്രകൃതി വിഭവങ്ങളെയും പരിസ്ഥിതിയെയും കണക്കിലെടുക്കാതെയുള്ള വികസനം കൂടിയാവുമ്പോൾ പ്രകൃതിവിഭവങ്ങളായ മണ്ണും വെള്ളവും ജൈവ സമ്പത്തും ഇല്ലാതാവുന്നു. എൺപതുശതമാനത്തിലേറെ വനമായിരുന്ന കേരളത്തിൽ അവ പത്ത് ശതമാനമായി കുറഞ്ഞു. മൂന്നിലൊന്നു പ്രദേശങ്ങൾ വനമായിരിക്കണമെന്നാണ് കേന്ദ്ര വന നിയമം പറയുന്നത്. ഒരു വസ്തു ഉത്പാദിപ്പിക്കുന്നതിന് എത്രവെള്ളം വേണ്ടിവരുമെന്ന് കണക്കാക്കുന്ന കല്പിത ജലസങ്കല്പവും കണക്കുകളുമാണ് ഇനി ലോകത്തെ നിയന്ത്രിക്കുന്നത്. ഒരു കിലോ അരി ഉത്പാദിപ്പിക്കുവാൻ മൂവായിരം ലിറ്റർ വെള്ളം വേണ്ടിവരും. കല്പിത ജലകണക്കനുസരിച്ച് വിവിധ വിളകൾക്കും കമ്പ്യൂട്ടർ, കാർ, ഇലക്ട്രോണിക്സ് തുടങ്ങിയ ഉത്പന്നങ്ങൾക്കും ഉത്പാദനത്തിനായി എത്രവെള്ളം വേണ്ടിവരുമെന്ന് കണക്കാക്കാവുന്നതാണ്. കൂടുതൽ വെള്ളം ആവശ്യമുള്ളവ ഉപേക്ഷിക്കണമെന്നതാണ് ആഗോള ചിന്തയായി രൂപപ്പെട്ടുവരുന്നത്. ഇങ്ങനെയൊക്കെ നോക്കിയാണ് ജലം കൂടുതലാവശ്യമുള്ള ഓറഞ്ച് കൃഷി ഇസ്രയേൽ ഉപേക്ഷിച്ചത്. നമുക്ക് ഭാരതത്തിൽ നെല്ലിനും കരിമ്പിനും കന്നുകാലികൾക്കും ധാരാളം വെള്ളമാവശ്യമാണ്. കല്പിത ജലകണക്കനുസരിച്ച് വെള്ളം കുറയുവാൻ തുടങ്ങിയാൽ ഇവയെല്ലാം ഇനി എത്രനാൾ. എന്തായാലും മുന്നിലുള്ളത് ശുദ്ധ ലക്ഷണങ്ങളല്ല.
( ലേഖകൻ ജല - പരിസ്ഥിതി ശാസ്ത്രജ്ഞനാണ് .
ഫോൺ : 9847547881)