school

ചിറയിൻകീഴ്: ശാർക്കര ശ്രീചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ വാർഷികം കവിയും കഥാകൃത്തുമായ കുന്നുംപുറം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ജി. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ബാലതാരം മാസ്റ്റർ അജാസ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ അജാസിനെ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാകുമാരി, എസ്.സി.വി.എൽ.പി.എസ് അദ്ധ്യാപിക ഗീതാകുമാരി അമ്മ, എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ജയകുമാർ, അദ്ധ്യാപിക ജ്യോതി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിലെ അക്കാദമിക് ഇതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനം വിതരണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ നിർവഹിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ എ.ഇ.ഒ വിതരണം ചെയ്തു. ചടങ്ങിൽ കുന്നുംപുറം രാധാകൃഷ്ണൻ, പി. മണികണ്ഠൻ, വാർഡ് മെമ്പർ ബേബി എന്നിവരെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി റിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ മിനി ആർ.എസ്, ഹെഡ്മിസ്ട്രസ് സിന്ധുകുമാരി, എസ്.സി.വി.ബി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് സുനിൽ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ സ്വാഗതവും അദ്ധ്യാപിക സിമി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.