ന്യൂഡൽഹി: ഒരു ദേശീയ പാർട്ടിയുടെ സംഘടനാ തലപ്പത്തേക്കുള്ള വരവ് തന്നെ ട്രാൻസ്‌വുമൺ അപ്സര റെഡ്ഡിയെ സംബന്ധിച്ച് ചരിത്രമായിരുന്നു. മാത്രമല്ല, കോൺഗ്രസിനും അത് ചരിത്ര മുഹൂർത്തങ്ങളിലൊന്നായിരുന്നു. കാരണം, ചരിത്രത്തിൽ ആദ്യമായായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നൊരാൾ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായത്. അതുമാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ആറണി, കരൂർ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കാൻ ഒരുങ്ങുകയാണ് അപ്സര. വേണ്ടിവന്നാൽ, മോദിക്കെതിരെ മത്സരിക്കാനും താൻ തയാറാണെന്ന് പറഞ്ഞ അപ്സര, പാർലമെന്റിൽ ട്രാൻസ്ജെൻഡർ പ്രതിനിധി ആവശ്യമാണെന്ന പ്രതീക്ഷയാണ് പങ്കുവച്ചത്.
15 വയസുവരെ അജയ് റെഡ്ഡി എന്ന പേരിൽ പുരുഷ ശരീരത്തിൽ ജീവിച്ചെങ്കിലും പിന്നീട് മനസ് പറയുന്ന വഴി തിരഞ്ഞെടുത്താണ് അപ്സര സ്ത്രീയായി മാറിയത്. രാഷ്ട്രീയം അപ്സരയ്ക്ക് പുതിയ തട്ടകമല്ല. മൂന്ന് വർഷംമുമ്പ് സജീവ രാഷ്ട്രീയത്തിലെത്തിയ അപ്സരയുടെ തുടക്കം ബി.ജെ.പിയിലായിരുന്നു. അധികം വൈകാതെ എ.ഐ.എ.ഡി.എം.കെയിൽ ചേർന്നു. ഇക്കഴിഞ്ഞ ഡിസംബർ വരെ എ.ഐ.എ.ഡി.എം.കെയിൽ. പിന്നീട് ജനുവരിയിലാണ് കോൺഗ്രസിൽ ചേർന്നത്. പിന്നാലെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവിയിലുമെത്തി.
ആന്ധ്രയിൽ വേരുകളുള്ള യാഥാസ്ഥിതിക കുടുംബത്തിൽ ചെന്നൈയിലാണ് അപ്സരയെന്ന അജയ് റെഡ്ഡിയുടെ ജനനം. പെണ്ണായി മാറാനുള്ള ആഗ്രഹത്തിന് കുടുംബം മുഴുവൻ എതിർത്തപ്പോഴും അമ്മ ഒപ്പംനിന്നു. ബിബിസി, ദി ഹിന്ദു തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അപ്സര, ആസ്ട്രേലിയയിലും ലണ്ടനിലുമായാണ് ജേർണലിസം പഠിച്ചത്. തമിഴ് ടിവി ചാനൽ അവതാരകയെന്ന നിലയിലും അപ്സര പേരെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെയിൽ ആയിരുന്ന കാലത്ത് പാർട്ടിയുടെ വക്താവായി ചാനൽ ചർച്ചകളിലും സജീവ സാന്നിദ്ധ്യമായിരുന്നു അപ്സര.
ശശികലയുമായി അടുപ്പം സൂക്ഷിച്ചിരുന്നെങ്കിലും, അവർ ജയിലിലായ ശേഷം ദിനകരൻ കടിഞ്ഞാൺ ഏറ്റെടുത്തതോടെ പാർട്ടിയുമായി അകന്നു. പിന്നീടായിരുന്നു കോൺഗ്രസിലേക്കുള്ള പ്രവേശം. തമിഴ്‌നാട്ടിലെ കുട്ടികൾക്ക് വേണ്ടി പോരാടി വാർത്തകളിൽ ഇടം നേടിയ ആൾ കൂടിയാണ് അപ്‌സര.