പഠനഭാരം ലഘൂകരിക്കാനെന്ന പേരിൽ എൻ.സി.ഇ.ആർ.ടി. ഒൻപതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്ന് കേരളത്തിലെ മാറുമറയ്ക്കൽ സമരം ഉൾപ്പെടുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം ബാലിശവും നഗ്നമായ ചരിത്രനിഷേധവുമാണ്. സമൂഹത്തിൽ ഒരു കാലത്തു നിലനിന്ന അനാചാരങ്ങൾ ഓർക്കുമ്പോൾ പലർക്കും ഇപ്പോൾ അസ്വസ്ഥത തോന്നുക സ്വാഭാവികമാണ്. എന്നാൽ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് ചരിത്രപാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിൽക്കേണ്ടവ തന്നെയാണ്. എന്തിന്റെ പേരിലായാലും അവ പുസ്തകത്താളുകളിൽ നിന്ന് കീറി എറിയുന്നത് ഫാസിസ്റ്റ് നടപടിയായേ കാണാനാകൂ. ചരിത്രം തങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായി വളച്ചൊടിക്കാനും മാറ്റി എഴുതാനുമുള്ള ഭരണാധികാരികളുടെ ശ്രമം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് ഒരു നാണവുമില്ലാതെ നടക്കുന്നു എന്നാണ് കേന്ദ്രമാനവശേഷി വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉത്തരവ് വ്യക്തമാക്കുന്നത്.
സി.ബി.എസ്.ഇ ഒൻപതാം ക്ലാസ് ചരിത്രപാഠപുസ്തകത്തിൽ നിന്ന് ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട വസ്ത്രധാരണ സംസ്കാരം ഉൾപ്പെടുന്ന അദ്ധ്യായത്തിനു മേലാണ് കോടാലി വീണിരിക്കുന്നത്. 2006 മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പഠിച്ചുപോന്ന പാഠഭാഗങ്ങളാണിത്. ചരിത്ര സംഭവങ്ങൾ കുട്ടികൾ പഠിക്കുന്നതിൽ പെട്ടെന്ന് ഇത്തരത്തിലൊരു അസഹിഷ്ണുത തോന്നാൻ കാരണമെന്തെന്ന് മനസിലാവുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നിലനിന്ന കടുത്ത ജാതി വ്യവസ്ഥയുടെ ഭാഗമായിരുന്നു വസ്ത്രധാരണത്തിൽ പുലർന്നിരുന്ന അനാചാരങ്ങൾ. മേൽജാതിക്കാർക്കു മാത്രമേ നല്ല വേഷം ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ. കീഴ്ജാതിക്കാർക്ക് മാറുമറയ്ക്കാൻ അവകാശമില്ലായിരുന്നു. 1822ൽ ഇതിനെ ചോദ്യം ചെയ്യാൻ ചാന്നാർ സ്ത്രീകൾ മുന്നോട്ട് വന്നതാണ് പിന്നീട് കലാപ രൂപത്തിലേക്ക് വഴിമാറിയത്. മേൽവസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ ധീരത കാണിച്ച ചാന്നാർ സ്ത്രീകളെ മേൽജാതിക്കാർ ആക്രമിക്കുകയും മർദ്ദിച്ച് വശംകെടുത്തുകയും ചെയ്തു. അയ്യാ വൈകുണ്ഠസ്വാമിയെപ്പോലുള്ള പരിഷ്കരണവാദികൾ മാറുമറയ്ക്കൽ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പ്രവർത്തിച്ചവരാണ്. കലാപം രൂക്ഷമാവുകയും അടിച്ചമർത്താനാവില്ലെന്നു ബോദ്ധ്യമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദിവാൻ ചാന്നാർ സ്ത്രീകൾക്കും മാറുമറയ്ക്കാമെന്ന ഉത്തരവിറക്കിയതോടെയാണ് കലാപം ശമിച്ചത്. തിരുവിതാംകൂറിന്റെ സാമൂഹ്യചരിത്രത്തിൽ പ്രധാനപ്പെട്ട ഏടുകളിലൊന്നായി പിന്നീട് ഈ സംഭവം എഴുതിച്ചേർക്കപ്പെടുകയും ചെയ്തു.
അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകത്തിൽ നിന്ന് വസ്ത്രധാരണം ഒരു സാമൂഹിക ചരിത്രം എന്ന അദ്ധ്യായത്തിന് പുറമെ ക്രിക്കറ്റിന്റെ കഥ, ഗ്രാമീണരും കർഷകരും എന്നീ പാഠഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമാണിതെന്ന തോന്നൽ ജനിപ്പിക്കാൻ കൂടി ഉദ്ദേശിച്ചാകണം ഇങ്ങനെ ചെയ്തിട്ടുള്ളത്. ക്രിക്കറ്റിനെ കുറിച്ച് അറിയാനും പഠിക്കാനും വേറെയും വഴികൾ ധാരാളമുണ്ടെങ്കിലും ചരിത്രരേഖയായി എന്നും നിലനിൽക്കേണ്ട പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തത് തികഞ്ഞ വിവരക്കേടാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടതുപോലെ ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയിൽ മാറ്റിയെഴുതുന്ന നടപടിയോട് സ്വബോധമുള്ള ആർക്കും യോജിക്കാനാവില്ല. രണ്ടു നൂറ്റാണ്ടിനു മുമ്പ് കേരളത്തിൽ നിലനിന്നു പോന്ന സാമൂഹ്യവ്യവസ്ഥയുടെ തനിരൂപമാണ് പാഠപുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരുന്നത്. അതുവായിച്ച് നെറ്റി ചുളിച്ചിട്ടോ ലജ്ജ തോന്നിയിട്ടോ കാര്യമില്ല. സവർണ വിഭാഗങ്ങൾ കീഴ് ജാതിക്കാരോടു ചെയ്തുകൂട്ടിയ അധമപ്രവൃത്തികളിലൊന്നു മാത്രമാണ് നാണം മറയ്ക്കുന്നതിൽപോലും ഏർപ്പെടുത്തിയിരുന്ന വിലക്ക്. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഇതുപോലുള്ള നൂറായിരം വിലക്കുകളും ദണ്ഡനങ്ങളും സഹിച്ചാണ് സമൂഹത്തിലെ താഴേ തട്ടിലുള്ളവർ ഇന്നത്തെ രൂപത്തിലെത്തിയിട്ടുള്ളത്. ചരിത്രം പഠിക്കുമ്പോൾ ഭൂതകാലം തമസ്കരിച്ചു നിറുത്തുക അസാദ്ധ്യമാണ്. ഉച്ചനീചത്വങ്ങളും അനാചാരങ്ങളുമെല്ലാം കടന്നാണ് മനുഷ്യർ ഇന്നത്തെ പരിഷ്കൃതമനുഷ്യരായതെന്നു മറക്കരുത്. ദളിത് - പിന്നാക്ക വിഭാഗങ്ങൾ നടത്തിയ ദീർഘമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് മറ്റുവിഭാഗങ്ങൾ അനുഭവിക്കുന്ന പല അവകാശങ്ങളും അവർക്ക് കരഗതമായത്. തിരുവിതാംകൂറിലെ മാറുമറയ്ക്കൽ സമരത്തിനും ചാന്നാർ ലഹളയ്ക്കും നവോത്ഥാന ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. തമിഴ്നാട്ടിലെ ചില രാഷ്ട്രീയകക്ഷികളും നാടാർ സമുദായ സംഘടനകളും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതുമായി ബന്ധപ്പെട്ട അദ്ധ്യായം പാഠപുസ്തകത്തിൽ നിന്നു നീക്കം ചെയ്തതെന്ന മാനവശേഷി വകുപ്പിന്റെ വിശദീകരണം അതേപടി വിഴുങ്ങാൻ ബുദ്ധിമുട്ടാണ്. വോട്ടിൽ മാത്രം കണ്ണുവയ്ക്കുന്നതുകൊണ്ടുള്ള പ്രശ്നമാണിത്. നാളെ മറ്റൊരു കൂട്ടർ സമാനമായ ആവശ്യവുമായി എത്തിയാൽ ഇതേ സമീപനം തന്നെ സ്വീകരിക്കുമോ? ഇങ്ങനെ പോയാൽ അവസാനം ചരിത്രപുസ്തകത്തിൽ പഠിപ്പിക്കാൻ ഒന്നും ശേഷിക്കുകയില്ല.
സവർണാധിപത്യം അതിന്റെ എല്ലാ ക്രൂരതകളോടും കൂടി കൊടികുത്തിവാണ നാളുകളിലാണ് തിരുവിതാംകൂറിലെ ധീരരായ ചാന്നാർ സ്ത്രീകൾ തങ്ങളുടെ മേൽ അടിച്ചേല്പിച്ച മേൽവസ്ത്രവിലക്കിനെതിരെ പരസ്യമായി തെരുവിലിറങ്ങിയത്. സമൂഹത്തിൽ അത് സൃഷ്ടിച്ച പ്രകമ്പനങ്ങൾ വളരെ വലുതായിരുന്നു. സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അദ്ധ്യായമാണത്. ചരിത്ര പാഠപുസ്തകത്തിന്റെ വലിപ്പം കുറയ്ക്കാനായി ദൂരെ വലിച്ചെറിയേണ്ട പാഠഭാഗമല്ല ഇത്. ചരിത്രത്തോടും കേരളത്തോടും കേന്ദ്രഭരണാധികാരികൾ കാട്ടിയ ഈ അവിവേകം തിരുത്തപ്പെടുകതന്നെ വേണം.