k-chandra-sekara-rao

ഹൈദരാബാദ്: അധികാര പോരാട്ടം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് അതുവഴി ഇന്ദ്രപ്രസ്ഥത്തിലെ താക്കോൽ സ്ഥാനമാണ് തെലങ്കാന മുഖ്യൻ കെ. ചന്ദ്രശേഖര റാവുവിന്റെ ഇപ്പോഴത്തെ സ്വപ്നം. മായാവതി, അഖിലേഷ് യാദവ്, മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, നവീൻ പട്നായിക് തുടങ്ങി കേന്ദ്രം ലക്ഷ്യമിട്ട് നീങ്ങുന്ന പാർട്ടികളെ ഒന്നിപ്പിച്ച് നിറുത്തി ബി.ജെ.പിയെ ഒഴിവാക്കി കോൺഗ്രസിനെതിരെ സമ്മർദ്ദ ശക്തിയായി മാറാനുള്ള പടയൊരുക്കത്തിനാണ് റാവു പദ്ധതി തയാറാക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച കരിംനഗറിൽ തുടക്കമിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ റാവു വെളിപ്പെടുത്തിയതും ഈ തന്ത്രം തന്നെ.

ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ മമതയും അഖിലേഷും ഉൾപ്പെടെയുള്ളവരുടെ അസംതൃപ്തിയും അവരുടെ പ്രധാനമന്ത്രി പദത്തിനായുള്ള സ്വപ്നനവുമാണ് ഫെഡറൽ മുന്നണിയ്ക്കായി കെ.സി.ആർ ആയുധമാക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെയും കോൺഗ്രസിന്റെ കുടുംബവാഴ്ചയേയും എതിർക്കുന്ന പ്രാദേശിക കക്ഷികളെ ഒപ്പംനിറുത്തുകയാണ് കെ.സി.ആർ കാണുന്ന ഫെഡറൽ മുന്നണിയുടെ പ്രാഥമിക ഘട്ടം. 120 പേരെ പാർലമെന്റിൽ എത്തിച്ച് മേയിൽ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക ശക്തിയാവുകയാണ് മുന്നണിയുടെ അജണ്ട തന്നെ.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും നേരിട്ട് ആക്രമിച്ചുകൊണ്ടാണ് കെ.സി.ആർ പ്രചാരണത്തിന് തുടക്കമിട്ടത്. സംവാദത്തിന് ഇരുവരെയും വെല്ലുവിളിച്ച റാവു രണ്ടുപേരെയും രൂക്ഷമായി വിമർശിച്ചു. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം. ആരോപണ ശരങ്ങൾ ഇരുവർക്കുമെതിരെ എറിഞ്ഞ് മുന്നേറുന്ന കെ.സി.ആർ ബി.ജെ.പിയേയും കോൺഗ്രസിനെയും തള്ളിപ്പറഞ്ഞ് മൂന്നാം മുന്നണിയിലാണ് കണ്ണുവയ്ക്കുന്നതെന്ന് വ്യക്തം.

ആത്മവിശ്വാസം നൽകിയ നിയമസഭ

കാലാവധി തീരും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട് തെലങ്കാന രാഷ്ട്ര സമിതി നേടിയത് 89 സീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കനുസരിച്ച് തെലങ്കാനയിലെ പതിനഞ്ച് ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണ് ടി.ആർ.എസ്. ഖമ്മം, മഹബൂബാ ബാദ് മണ്ഡലങ്ങളിൽ മാത്രം കോൺഗ്രസിന് ലീഡ്. അഭിപ്രായ സർവേകൾ ടി.ആർ.എസും അസദ്ദീൻ ഒവൈസിയും ചേർന്ന് മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്ന് പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ ലോക്സഭയിൽ പതിനേഴ് സീറ്റുമായി നിർണായക ശക്തിയാകും കെ.സി.ആറിന്റെ ടി.ആർ.എസ്.