election

തിരുവനന്തപുരം:വ‌ടകരയിൽ കെ.മുരളീധരനും രംഗത്തിറങ്ങുന്നതോടെ, പാർലമെന്റ് പോർക്കളത്തിൽ ഇരു മുന്നണികളുടെയും എം.എൽ.എമാരുടെ എണ്ണം ഒമ്പതായി - എൽ.ഡി.എഫിന്റെ ആറും യു.ഡി.എഫിന്റെ മൂന്നും.

നിലനിൽപ്പിന്റേത് കൂടിയായ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പരമാവധി സീറ്റ് പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് മുന്നണികൾ. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പതിവിൽ നിന്ന് വ്യത്യസ്തമായി എം.എൽ.എമാർ പടയോടെ മത്സരത്തിന് ഇറങ്ങുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഈ എം.എൽ.എമാരാവട്ടെ, മണ്ഡലത്തിൽ പാർട്ടിയിലെ മറ്റ് പലരെക്കാളും കരുത്തും ജനകീയതയുമുള്ള നേതാക്കളുമാണ്. തീ പാറുന്ന പോരാട്ടങ്ങൾക്കാണ് ഈ ഒമ്പത് സീറ്റുകളും വേദിയാവാൻ പോകുന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എം.എൽ.എമാരിൽ നാല് പേർ (എം.എ.ആരിഫ്- ആലപ്പുഴ, വീണാജോർജ് - പത്തനംതിട്ട ,എ.പ്രദീപ് കുമാർ - കോഴിക്കോട്, പി.വി.അൻവർ - പൊന്നാനി )​ സി.പി.എമ്മിന്റെയും രണ്ട് പേർ (സി.ദിവാകരൻ,- തിരുവനന്തപുരം,ചിറ്റയം ഗോപകുമാർ- മാവേലിക്കര )​ സി.പി.ഐയുടെയും പ്രതിനിധികളാണ്. യു.ഡി.എഫിലാവട്ടെ, അടൂർ പ്രകാശ് (ആറ്റിങ്ങൽ),ഹൈബി ഈഡൻ (എറണാകുളം ), കെ.മുരളീധരൻ (വടകര)എന്നീ കോൺഗ്രസ് എം.എൽ.എമാരും.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് എത്ര സീറ്റിൽ?

ഒമ്പത് എം.എൽ.എമാർ പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ ഉയരുന്നത് കൗതുകകരമായ രണ്ട് ചോദ്യങ്ങളാണ്.

ഒന്ന് - ഇതിൽ എത്ര പേർ ഇനി പാർലമെന്റിൽ ഇരിക്കും?. രണ്ട് - സംസ്ഥാനത്തെ എത്ര നിയമസഭാ സീറ്റുകളിൽ അടുത്ത ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും?.മുൻ വിധികൾ അപ്രസക്തമാവുകയാണ്. എങ്കിലും ഒന്നിലേറെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർക്ക് ആറ് മാസത്തിനകം വീണ്ടും ബൂത്തിലെത്താം.

ഈസി വാക്കോവർ

പഴങ്കഥയാവും

സ്ഥാനാർത്ഥികൾ വൈകിയെങ്കിലും ഭൂരിഭാഗം ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ചുണക്കുട്ടന്മാരും കില്ലാടികളുമായ എം.എൽ.എമാർ കൂടി കളത്തിലിറങ്ങിയതോടെ, തുടക്കത്തിൽ ചില സിറ്രിംഗ് എം.പിമാർക്ക് ഉൾപ്പെടെ ലഭിക്കുമെന്ന് കരുതിയ `അനായാസ ജയം’ പഴങ്കഥയാവുകയാണ്. അവർക്കും ജയിക്കാൻ സ്ഥിരം നമ്പരുകൾ പോരാ. സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും ഈ ചൂട് കാലത്ത് കൂടുതൽ വിയർപ്പൊഴുക്കാനാണ് വിധി.

തലസ്ഥാനത്ത്

എം.പിമാരും എം.എൽ.എമാരും

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, ആറ്റിങ്ങൽ സീറ്റുകളിൽ സിറ്റിംഗ് എം.പിമാരും സിറ്റിംഗ് എം.എൽ.എമാരും തമ്മിലാണ് പോരാട്ടം.തിരുവനന്തപുരത്ത് ഇരുവരുടെയും ശക്തനായ എതിരാളിയാവട്ടെ, മുൻ ഗവർണറും.

തിരുവനന്തപുരത്ത് സിറ്റിംഗ് എം.പിയായ കോൺഗസിലെ ശശി തരൂരിനെ നേരിടുന്നത് നെടുമങ്ങാ‌ട് എം.എൽ.എയായ സി.പി.ഐ നേതാവ് സി.ദിവാകരൻ. മിസോറം ഗവർണർ സ്ഥാനം രാജി വച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും കളത്തിലിറങ്ങിയതോടെ ത്രികോണ മത്സരത്തിന്റെ പൊടിപാറിത്തുടങ്ങി.

ആറ്റിങ്ങലിൽ സിറ്രിംഗ് എം.പി എ.സമ്പത്തിന് പറ്റിയ എതിരാളി എന്നാണ് കോൺഗ്രസ് നേതാവും കോന്നി എം.എൽഎയുമായ അടൂർ പ്രകാശിന്റെ രംഗപ്രവേശത്തെ യു.ഡി.എഫ് വിശേഷിപ്പിക്കുന്നത്. ജില്ലയിലെ സിറ്റിംഗ് എം.പിമാരായ ശശി തരൂരിനും സമ്പത്തിനും സ്വന്തം മണ്ഡലങ്ങളിൽ തുടർച്ചയായ രണ്ട് ജയത്തിന് ശേഷം ഇത് മൂന്നാം അങ്കമാണെന്നതും മറ്റൊരു സവിശേഷത.

.