തിരുവനന്തപുരം: കടംകയറി മുടിഞ്ഞ്, ഇടുക്കിയിൽ ആത്മഹത്യ ചെയ്ത 9 കർഷകരുടെ ആശ്രിതർക്ക് അടിയന്തര ആശ്വാസമായി സർക്കാർ അനുവദിച്ച 29 ലക്ഷം രൂപ വിതരണം ചെയ്യാതെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കളക്ടർ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സർക്കാർ ഉത്തരവിറക്കിയെങ്കിലും പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് ഉത്തരവ് നടപ്പാക്കാത്തത്. കർഷകരുടെ എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവാക്കാത്തതിനു പിന്നാലെയാണ് മരണാനന്തര ധനസഹായത്തിലും ഇത് സംഭവിച്ചത്.
കൃഷിനാശവും വിലത്തകർച്ചയും കാരണം ഇടുക്കിയിൽ ആത്മഹത്യചെയ്ത ഒമ്പത് കർഷകരുടെ ആശ്രിതർക്ക് ധനസഹായം നൽകാൻ കഴിഞ്ഞ ഏഴിനാണ് ജില്ലാ കളക്ടർ എച്ച്. ദിനേശൻ സർക്കാരിന് ശുപാർശ നൽകിയത്. 10ന് രാവിലെ റവന്യൂ വകുപ്പ് ധനസഹായം അനുവദിച്ച് ഉത്തരവിറക്കി. തങ്കമണിയിലെ സന്തോഷിന് 5 ലക്ഷവും ബാക്കി എട്ടു പേർക്കും 3 ലക്ഷം വീതവുമാണ് അനുവദിച്ചത്. ധനകാര്യ അഡി. ചീഫ് സെക്രട്ടറി ഖജാൻജിയായ 2075-00-800-40 എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ടി.പി - 80 അക്കൗണ്ടിൽ നിന്ന് മരണാനന്തര ധനസഹായം ഒരാഴ്ചയ്ക്കകം വിതരണം ചെയ്ത് തഹസിൽദാർമാർ സർക്കാരിനെ വിവരമറിയിക്കണമെന്നായിരുന്നു ഉത്തരവ്.
10ന് വൈകിട്ട് അഞ്ചരയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മരണാനന്തര ധനസഹായം നൽകാനാവില്ലെന്ന് കളക്ടർ നിലപാടെടുത്തു. മരണാനന്തര ധനസഹായം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനും ഉദ്യോഗസ്ഥർ മിനക്കെട്ടില്ല. ഇതോടെ, സർക്കാർ ഉത്തരവിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഒരു രൂപയുടെ മരണാനന്തര ധനസഹായംപോലും വിതരണം ചെയ്യാനായിട്ടില്ല.
കളക്ടർ പറയുന്നു,
നിവേദനം തരൂ...
പെരുമാറ്റച്ചട്ടം വന്നതിനാലാണ് ധനസഹായം നൽകാത്തതെന്ന് ജില്ലാകളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ആശ്രിതരിൽ ഒരാളെങ്കിലും നിവേദനം നൽകിയാൽ അക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാം. കളക്ടർക്ക് ചെലവഴിക്കാനായി സർക്കാർ അനുവദിച്ച പണം ലഭ്യമാണ്. സർക്കാർ ഉത്തരവ് നടപ്പാക്കാൻ സ്വമേധയാ കമ്മിഷന്റെ അനുമതി തേടാനാവില്ല.
ധനസഹായം
കിട്ടാനുള്ളവർ
സന്തോഷ് - 5 ലക്ഷം
ശ്രീകുമാർ -3 ലക്ഷം
സഹദേവൻ-3 ലക്ഷം
ജെയിംസ്-3 ലക്ഷം
രാജു-3 ലക്ഷം
രാജൻ-3 ലക്ഷം
സുരേന്ദ്രൻ-3 ലക്ഷം
ജോണി-3 ലക്ഷം
ദിവാകരൻ-3 ലക്ഷം