polio-

തിരുവനന്തപുരം : രണ്ടരപ്പതിറ്റാണ്ട് നീണ്ട കഠിന പ്രയത്നത്തിന് ഒടുവിൽ പോളിയോ രോഗങ്ങളെ പൂർണമായും സംസ്ഥാനത്ത് നിന്നു തുടച്ചു നീക്കി. 20 വർഷത്തിനിടെ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സ്റ്രേറ്റ് ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശപ്രകാരമാണിത്. അതേസമയം രോഗത്തിനെതിരെയുള്ള പ്രചാരണം സംസ്ഥാനത്ത് എത്തുന്ന ഇതരസംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളിലേക്ക് വ്യാപിപ്പിച്ചു.

മലപ്പുറത്ത് 2000ൽ ഒരു പോളിയോ രോഗബാധ കണ്ടതിന് ശേഷം കേരളത്തിൽ പുതിയ കേസ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും ചില ഇടങ്ങളിൽ പോളിയോ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി കേരളത്തിൽ ഉൾപ്പെടെ പോളിയോ തുള്ളിമരുന്ന് വിതരണം തുടർച്ചയായി നടത്തിവന്നിരുന്നു. പോളിയോ രോഗങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ 1995 മുതലാണ് വാക്സിനേഷന് പുറമേ സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചത്. 14 വർഷത്തോളം തുടർച്ചയായി പോളിയോ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പോളിയോ മുക്തമായി 2014ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ രോഗം വീണ്ടും കണ്ടെത്തിയതിനാൽ ഇന്ത്യയിലും തുള്ളിമരുന്ന് വിതരണം തുടരുകയായിരുന്നു.

"പൾസ് പോളിയോ നൽകുന്നത് ശ്രമകരമായ ദൗത്യമാണ്. അതിൽ നമ്മൾ വിജയിച്ചു. തുള്ളിമരുന്ന് നൽകുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതില്ലെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം. ജനനം മുതൽ ഒന്നര വയസുവരെ കുഞ്ഞുങ്ങൾക്ക് നിലവിൽ നൽകുന്ന ഇമ്മ്യൂണൈസേഷൻ ഇനി കൂടുതൽ കാര്യക്ഷമമാക്കും."

- ഡോ. ആർ.എൽ. സരിത

ആരോഗ്യവകുപ്പ് ഡയറക്ടർ