തിരുവനന്തപുരം: പൊരുതി തിരിച്ചുപിടിച്ച ജോലി ചെയ്യാൻ തയ്യാറെടുത്തിരുന്ന എംപാനൽ കണ്ടക്ടർമാർക്ക് ഡ്യൂട്ടി കിട്ടിയത് നാളുകൾക്കുശേഷം. അതു സന്തോഷത്തോടെ ചെയ്തശേഷം ഡിപ്പോ അധികാരികളോടു ചോദിച്ചു 'സാർ ഡ്യൂട്ടി പാസ്?' പാസോ! അതൊന്നും ഇനി ഇല്ല.
ഡ്യൂട്ടി കിട്ടിയ മറ്റുള്ളവരെ വിളിച്ച് കാര്യം അന്വേഷിച്ചു. ശരിയാണ് എല്ലായിടത്തും പാസ് നിഷേധിച്ചിരിക്കുന്നു. താമസ സ്ഥലത്തു നിന്നു ജോലി ചെയ്യുന്നിടത്തേക്കു വരുന്നതിനും മടങ്ങിപ്പോകുന്നതിനുമാണ് ഡ്യൂട്ടി പാസ് നൽകുന്നത്. 15 കിലോമീറ്ററാണ് പാസിന്റെ ദൂരപരിധി. പാസ് നിഷേധിച്ചതോടെ പലരും ബസിൽ ടിക്കറ്റെടുത്താണ് മടങ്ങിയത്. ഒരു ഡ്യൂട്ടിക്ക് കിട്ടുന്നത് 480 രൂപ. അതിൽ നിന്നുവേണം ഇപ്പോൾ ടിക്കറ്റിനുള്ള പണം കൂടി കണ്ടെത്താൻ. കരുനാഗപ്പള്ളിയിൽ നിന്നു കൊല്ലം ഡിപ്പോയിൽ ഡ്യൂട്ടിക്കു വരുന്ന എംപാനൽ കണ്ടക്ടർക്ക് യാത്രാക്കൂലി ഇനത്തിൽ 56 രൂപ വേണം.
ജോലി നഷ്ടപ്പെട്ട 3861 പേരിൽ രണ്ടായിരത്തോളം പേരാണ് സമര രംഗത്തുണ്ടായിരുന്നത്. അവരിൽ ഇതു വരെ ഒരു ഡ്യൂട്ടിയെങ്കിലും ലഭിച്ചത് 300 പേർക്കു മാത്രം. സ്ഥിരംജീവനക്കാർ ലീവെടുത്താലെ ഡ്യൂട്ടി ലഭിക്കൂ. മാസത്തിൽ രണ്ട് ലീവിൽ കൂടുതൽ ആർക്കും അനുവദിക്കുരുത് എന്ന നിർദ്ദേശവുമുണ്ട്. വെട്ടിക്കുറച്ച സർവീസുകളൊന്നും പുനരാരംഭിച്ചിട്ടുമില്ല. ആയിരത്തിലേറെ ബസുകൾ കട്ടപ്പുറത്താണ്. അതൊക്കെ അറ്റകുറ്റപ്പണി ചെയ്ത് പുറത്തിറക്കുന്ന കാര്യം മാനേജ്മെന്റ് മറന്ന മട്ടാണ്.
''നീതി നിഷേധം തുടർന്നാൽ തിരഞ്ഞെടുപ്പ് ദിവസം വോട്ടു ചെയ്യാതെ നിയമസഭയിലേക്ക് ഞങ്ങൾ മാർച്ച് ചെയ്യും'' -ജോഷി, സെക്രട്ടറി- എംപാനൽ കൂട്ടായ്മ