pinarayi-and-vellapalli

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയുടെ ഒമ്പതാം ക്ളാസ് പാഠപുസ്തകത്തിൽ നിന്ന് എടുത്തുമാറ്റിയ നവോത്ഥാനത്തെ പരാമർശിക്കുന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ ആശയപ്രചാരണം നടത്തുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശനും കൺവീനർ പുന്നല ശ്രീകുമാറും പറഞ്ഞു. ഇന്നലെ ചേർന്ന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇക്കാര്യത്തിൽ സമിതി യോഗം അംഗീകരിച്ച പ്രമേയം കേന്ദ്രത്തിനും എൻ.സി.ഇ.ആർ.ടിക്കും സമർപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമിതിക്ക് പ്രത്യേകിച്ച് നിലപാടില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല സമിതി രൂപീകരിച്ചത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള സംഘടനകൾക്ക് തിരഞ്ഞെടുപ്പിൽ നിലപാടെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ സമിതി മുന്നോട്ടുവയ്ക്കുന്ന പല ആശയങ്ങളും പ്രചാരണത്തിൽ പ്രതിഫലിച്ചേക്കാം.സംസ്ഥാന സർക്കാരിന്റെ നല്ല പിന്തുണയാണ് സമിതിക്ക് കിട്ടുന്നത്. തുടർ പ്രവർത്തനങ്ങളിൽ മാർഗനിർദ്ദേശം നൽകേണ്ടതും സർക്കാരാണ്.

രാജ്യത്തൊട്ടാകെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വലിയ ഘടകമാവണമെന്നില്ല. ശബരിമല പ്രശ്നത്തിൽ വ്യക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. യഥേഷ്ടം വിശ്വാസികൾക്ക് ശബരിമലയിൽ കടന്നുചെല്ലാനാവണമെന്നതാണ് സമിതിയുടെ സമീപനം.

വയനാട് ഒഴികെയുള്ള ജില്ലകളിൽ നവോത്ഥാന മൂല്യസംരക്ഷണ സമിതി ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. വയനാട്ടിൽ ഉടൻ രൂപീകരിക്കും. സംഘടനാ സംവിധാനം പടിപടിയായി താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കും. ജില്ലാതലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ബഹുജന കൂട്ടായ്മ തിരഞ്ഞെടുപ്പിന് ശേഷം നടത്തും.

വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ കെ. സോമപ്രസാദ് എം.പി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബി. രാഘവൻ, പി.ആർ. ദേവദാസ്, അഡ്വ. കെ. ശാന്തകുമാരി, പി.കെ. സജീവ്, പി. രാമഭദ്രൻ, ഡോ. ഹുസൈൻമടവൂർ, സി.പി. സുഗതൻ, രാമചന്ദ്രൻ മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

ചരിത്രത്തെ വർഗീയവത്കരിക്കുന്നത് ചെറുക്കണം

ഒമ്പതാം ക്ളാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്ന് നവോത്ഥാനത്തെ പരാമർശിക്കുന്ന ഭാഗങ്ങൾ മാറ്റരുതെന്ന് നവോത്ഥാന മൂല്യസംരക്ഷണസമിതി സംസ്ഥാന സെക്രട്ടേറിയറ്ര് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ചരിത്രത്തെ വരേണ്യവത്കരിക്കാനും വർഗീയവത്കരിക്കാനുമുള്ള ഇത്തരം നീക്കങ്ങൾ ചെറുക്കേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്. പാഠപുസ്തകത്തിലെ 'വസ്ത്രധാരണത്തിന്റെ സാമൂഹ്യ ചരിത്രം' ഉൾപ്പെടെയുള്ള മൂന്ന് അദ്ധ്യായങ്ങളാണ് നീക്കിയത്. ചാന്നാർ ലഹള ഉൾപ്പെടെ സമരങ്ങളെ പറ്റിയുള്ള പരാമർശങ്ങൾ ഇതിലുണ്ടായിരുന്നു. മാറുമറയ്ക്കൽ സമരം ഉൾപ്പെടെയുള്ള സ്ത്രീ മുന്നേറ്റത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെ അവകാശസമരത്തിന്റെയും ഭാഗമാണിത്. 19, 20 നൂറ്റാണ്ടുകളിൽ വസ്ത്രധാരണത്തിൽ ഉണ്ടായ മാറ്റങ്ങളും ജാതിവ്യവസ്ഥയുടെ സ്വാധീനവും നവോത്ഥാന മുന്നേറ്റങ്ങളെ തടയാനുള്ള യാഥാസ്ഥിതികരുടെ ഇടപെടലുകളും ഇതിൽ സൂചിപ്പിച്ചിരുന്നു. അക്കാലത്തെ സാമൂഹ്യ നീതിയുടെ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സി. കേശവന്റെ 'ജീവിതസമര'മെന്ന ആത്മകഥയിലെ ഭാഗവും ഒഴിവാക്കി. പഠനഭാഗം ലഘൂകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.

കേരളത്തിന്റെ നവോത്ഥാന ചരിത്രം പുതിയ തലമുറയിൽ നിന്ന് മറച്ചുവയ്ക്കാനാഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിൽ. നാടിന്റെ ചരിത്രവും കീഴാള ജനതയുടെ നവോത്ഥാന കുതിപ്പും തമസ്കരിക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കില്ല. ചരിത്രത്തെ നിഷേധിക്കുന്ന ഇത്തരം ഇടപെടലുകൾക്കെതിരെ ജനാധിപത്യ സമൂഹം ഉണരണമെന്നും യോഗം പാസാക്കിയ പ്രമേയത്തിൽ ആഹ്വാനം ചെയ്‌തു.