shashi-tharoor

തിരുവനന്തപുരം:തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആശംസനേരാനാണ് കെ.മുരളീധരൻകാർത്തികതിരുനാൾ തിയേറ്ററിൽ എത്തിയത്. മടങ്ങിയത് ശശി തരൂരിന്റെയും ജനാവലിയുടെയും ആശംസകൾ ഏറ്റുവാങ്ങിക്കൊണ്ടും...ആ ഇടവേളയിലാണ് മുരളി വടകരയിലെ സ്ഥാനാർത്ഥിയായത്.

ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് ഉമ്മൻചാണ്ടി മടങ്ങിയതിന് തൊട്ടുപിന്നാലെ കെ.മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ചാനലുകളിൽ വാർത്തയായി. അപ്പോൾ വേദിയിൽ വി.എം.സുധീരൻ പ്രസംഗിക്കുകയായിരുന്നു. വാർത്തയറിഞ്ഞതോടെ തിങ്ങിനിറഞ്ഞ സദസിൽ തിരയിളക്കം. അവിടവിടെ മുരളീധരന്റെ പേരിൽ ജയ് വിളികൾ മുഴങ്ങി. വട്ടിയൂർക്കാവ് എം.എൽ.എ കൂടിയായ മുരളീധരന്റെ നൂറ്കണക്കിന് അനുയായികളും സദസിലുണ്ടായിരുന്നു. സുധീരൻ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച. തുടർന്ന് ബെന്നി ബഹ്‌നാൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴേക്കും യു.ഡി. എഫ് പാർലമെന്റ് മണ്ഡലം കൺവീനർ സോളമൻ അലക്സ് വേദിയിൽ ഇരുന്ന് മുരളിക്ക് ജയ് വിളിച്ചു. അപ്പോഴേക്കും സദസിന്റെ ആരവം ഉോത്തിലായി. ബെന്നി പിന്നെ സംസാരിച്ചില്ല. മുരളീധരനെ തന്നെ പ്രസംഗിക്കാൻ ക്ഷണിച്ചു. ചുരുങ്ങിയ വാക്കുകൾ പറഞ്ഞ മുരളി തന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി ഒന്നും മിണ്ടിയില്ല. അപ്പോഴേും ആഹ്ളാദം മറച്ചുവെയ്ക്കാതെ ശശിതരൂർ മുരളീധരന്റെ കൈ പിടിച്ചുയർത്തി ആശംസ നേർന്നു. തൊട്ടുപിന്നാലെ എം.എം.ഹസൻ, സി.പി.ജോൺ, അനൂപ് ജേക്കബ് തുടങ്ങിയ പ്രമുഖരും.

ഇളകിമറിഞ്ഞ സദസിലൂടെ പുറത്തേക്കിറങ്ങിയ മുരളീധരനെ പ്രവർത്തകരും മാദ്ധ്യമങ്ങളും വളഞ്ഞു.

"ശരിയാണ്. വടകരയിൽ മത്സരിക്കാൻ സന്നദ്ധനാണോ എന്ന് ഡൽഹിയിൽ നിന്ന് വിളി വന്നിരുന്നു." മുരളീധരൻ സമ്മതിച്ചു.

എതിർസ്ഥാനാർത്ഥി കരുത്തനായ പി.ജയരാജനാണെന്ന് ചിലർ ഒാർമ്മിപ്പിച്ചു. വ്യക്തിപരമല്ല, ആശയപരമാണ് പോരാട്ടം. അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിൽ. പൊടുന്നനെ കൗശലത്തോടെ മുരളീധരന്റെ മറുപടി. എന്നാണ് വടകരയിലേക്ക് പോകുന്നത്?​

. "പ്രഖ്യാപനം വരട്ടെ. എന്നിട്ടാലോചിക്കാം." ഗൗരവത്തോടെ കാറിലേക്ക് കയറി സ്ഥാനാർത്ഥി മടങ്ങി.