നെടുമങ്ങാട്: ടെസ്റ്റ് പാസായാൽ ഒരു മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്ന ജില്ലയിലെ ആർ.ടി ഓഫീസുകളിൽ മൂന്ന് മാസമായി ലൈസൻസ് വിതരണം നിലച്ചതായി ആക്ഷേപം. നിരത്തുകളിലാകട്ടെ ലൈസൻസ് പരിശോധന ശക്തമായ സാഹചര്യത്തിൽ വ്യാജ ലൈസൻസ് നൽകുന്ന വിരുതന്മാരും വർദ്ധിക്കുകയാണ്. നെടുമങ്ങാട് സബ് ആർ.ടി.ഒയുടെ കീഴിൽ മാത്രം 461 ലൈസൻസുകളാണ് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നതെന്നും പരാതിയുണ്ട്. സബ് ആർ.ടി ഓഫീസുകളിൽ സാരഥി, വാഹൻസാരഥി പദ്ധതി നടപ്പിലാക്കിയതോടെയാണ് അപേക്ഷകർ കുടുങ്ങിയത്. ടെസ്റ്റ് വിജയിക്കുന്നവർക്ക് ലൈസൻസ് നൽകുന്നതിനുള്ള ഒരറിയിപ്പും മോട്ടോർ വാഹന വകുപ്പിൽ നിന്നു ലഭിക്കുന്നില്ല.
ലൈസൻസ് നമ്പർ മൊബൈലിൽ മെസേജ് ചെയ്‌താൽ പേരും മറ്റു വിവരങ്ങളും അക്ഷയകേന്ദ്രത്തിൽ നൽകി പ്രിന്റ് ഔട്ട് എടുക്കാമായിരുന്നു. എന്നാൽ ഇപ്പോൾ അതിനും കഴിയുന്നില്ല. കാലതാമസം ഒഴിവാക്കി ലൈസൻസ് വിതരണം കാര്യക്ഷമമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം വെറും വാക്കായെന്നും ആക്ഷേപമുണ്ട്.
ലേണേഴ്സ് ലൈസൻസിന് ഓൺലൈനിലൂടെ അപേക്ഷിക്കുമ്പോൾ ഒരു മാസമെങ്കിലും കഴിഞ്ഞുള്ള തീയതിയാവും ലഭിക്കുക. ലേണേഴ്സ് ടെസ്റ്റ് പാസായാൽ ഡ്രൈവിംഗ് ടെസ്റ്റ് തീയതിക്കായി മാസങ്ങളോളം കാത്തിരിക്കണം. നിശ്ചിത തീയതിയിൽ ഹാജരാവാൻ കഴിയാതെ പോയാൽ അടുത്ത അവസരത്തിന് പിന്നെയും കാത്തിരുന്നേ മതിയാവൂ. പ്രശ്നങ്ങൾക്ക് എത്രയുംവേഗം പരിഹാരം കാണണമെന്നാണ് അപേക്ഷകരുടെ അഭ്യർത്ഥന.
മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് വാഹൻസാരഥി സോഫ്ട്‌വെയർ. വാഹന രജിസ്ട്രേഷൻ സേവനങ്ങൾക്കുള്ള 'വാഹനും" ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകൾക്കുള്ള 'സാരഥിയും" ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതാണ് വാഹൻസാരഥി. ഇത് നടപ്പിലായാൽ പൊതു ജനങ്ങൾക്ക് ഏജന്റുമാരുടെ സഹായമില്ലാതെ അപേക്ഷകൾ സമർപ്പിക്കാം. ഒപ്പം അപേക്ഷകളുടെ നിലവിലെ സ്ഥിതിയും അറിയാം. പെർമിറ്റുകൾക്കും മറ്റും ആർ.ടി ഓഫീസുകളിലേക്ക് പോകേണ്ടിയും വരില്ല. എന്നാൽ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്നതോടെയാണ് വാഹൻ സാരഥിയുടെ പ്രവർത്തനം നിലച്ചതെന്നാണ് ആക്ഷേപം.