തിരുവനന്തപുരം: തിളയ്ക്കുന്ന വെയിലിനെ പോലും മറന്ന് മീനമാസത്തിലെ മകം നാളായ ഇന്നലെ ആയിരക്കണക്കിന് ഭക്തർ കരിക്കകത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു. വ്രതശുദ്ധിയോടെ ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ച ആയിരങ്ങളുടെ മനസ് നിറച്ച് പൊങ്കാലക്കലങ്ങൾ തിളച്ച് തൂകി. പുലർച്ചെ 4.20ന് ദേവിയെ പള്ളിയുണർത്തിയതോടെയാണ് പൊങ്കാലയർപ്പണച്ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പതിവ് പൂജകൾ. 8.30ന് പന്തീരടി പൂജയും തുടർന്ന് നവകവും കലശാഭിഷേകവും നടന്നു. പ്രാർത്ഥനയും ഭക്തിയും നിറഞ്ഞ അന്തരീക്ഷത്തിൽ 10.15ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നെടുത്ത ദീപം അടുപ്പിൽ പകർന്നതോടെ പൊങ്കാല അർപ്പണത്തിനു തുടക്കമായി. പണ്ടാര അടുപ്പിൽ നിന്നു പകർന്ന തീ അടുത്തടുത്ത അടുപ്പുകളിലേക്കു കൈമാറി. ആത്മാവിൽ ദേവീചൈതന്യം നിറഞ്ഞ് സ്ത്രീഭക്തജനങ്ങൾ പൊങ്കാലയടുപ്പുകളിൽ തീ പകർന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥികളായ ശശി തരൂർ, സി. ദിവാകരൻ, കുമ്മനം രാജശേഖരൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, മേൽശാന്തി പി. രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം. വിക്രമൻ നായർ, സെക്രട്ടറി വി. അശോക് കുമാർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ശ്രീകുമാർ, എസ്. പുഷ്പലത, കൗൺസിലർമാരായ ഹിമ സിജി, ആർ.സി. ബീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്ഷേത്രപരിസരത്തിന് പുറമേ ചാക്ക മുതൽ കൊച്ചുവേളി വരെയുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയടുപ്പുകൾ നിരന്നിരുന്നു. ഉച്ചയ്ക്ക് 2.15ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് തർപ്പണം നടത്തിയതോടെ ഭക്തലക്ഷങ്ങളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് സമാപനമായി. പൊങ്കാല നിവേദിക്കാൻ 150 ശാന്തിമാരെയാണ് നിയോഗിച്ചിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവിയുടെ ഉടവാൾ തൊട്ടുവണങ്ങാനുള്ള അവസരവും പൊങ്കാലനിവേദ്യ വേളയിൽ ഭക്തർക്ക് ലഭിച്ചു. പൊങ്കാലതർപ്പണത്തിന് ശേഷം മൂന്നുമണിയോടെ നടയടച്ചു. വൈകിട്ട് 4.30ന് നടതുറന്നു. തുടർന്ന് ദീപാരാധനയും ഭഗവതിസേവയും പുഷ്പാഭിഷേകവും നടന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് പുറത്തെഴുന്നള്ളത്ത് നടന്നത്. പൊങ്കാലയർപ്പണത്തിനുശേഷം രാത്രി അത്താഴപൂജ നടന്നു. പരമ്പരാഗത വാദ്യമേളങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ ഉടവാൾ കളത്തിൽ എഴുന്നള്ളിച്ച് ഗുരുസിയോടെ പൊങ്കാല ഉത്സവത്തിന് സമാപനമായി. ദേവീദർശനത്തിനായി വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മുൻ വർഷങ്ങളെക്കാൾ കൂടുതൽ ഭക്തർ ഇത്തവണ പൊങ്കാലയിൽ പങ്കെടുത്തുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതിനായി കോർപറേഷൻ ജീവനക്കാരെ നിയോഗിച്ചിരുന്നു. വൈകിട്ടോടെ ശുചീകരണം പൂർത്തിയായി.
പൊങ്കാലയ്ക്കായി മികച്ച സൗകര്യങ്ങളാണ് ക്ഷേത്രകമ്മിറ്റിയും അധികൃതരും ഇത്തവണ ഒരുക്കിയിരുന്നത്. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കിക്കൊണ്ടായിരുന്നു പൊങ്കാലയർപ്പണം. സുരക്ഷയ്ക്കായി അഞ്ഞൂറോളം വനിതാ പൊലീസുകാരെ നിയോഗിച്ചിരുന്നു. കടുത്ത വേനൽ കണക്കിലെടുത്ത് ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചും സർവീസ് നടത്തി. ഇന്ന് രാവിലെ 7.30ന് നടതുറക്കും.