k-muraleedharan

തിരുവനന്തപുരം: വടകരയിൽ മത്സരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കളെല്ലാം ഒഴിഞ്ഞുമാറിയത് കോൺഗ്രസുകാരുടെ ആത്മവീര്യം ചോർത്തുന്നുവെന്ന് തോന്നിച്ചപ്പോഴാണ് അപ്രതീക്ഷിതമായി കെ. മുരളീധരന്റെ കടന്നുവരവ്. അതും സി.പി.എമ്മിലെ കരുത്തനായ പി. ജയരാജന്റെ എതിരാളിയായി. വട്ടിയൂർക്കാവിലെ ജനപ്രിയ എം.എൽ.എയും കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷനും ആയിരിക്കെ, പാർട്ടി ഏല്പിച്ച വലിയൊരു വെല്ലുവിളി വൈമനസ്യമില്ലാതെ ഏറ്റെടുത്ത മുരളീധരൻ ശ്രദ്ധാകേന്ദ്രമാവുകയാണ്.

ജയരാജനെതിരായ പോരാട്ടം യു.ഡി.എഫിന് അഭിമാനപ്രശ്നമാണെങ്കിലും വടകരയിൽ മത്സരിക്കാൻ ആരുമില്ലേ എന്ന ചോദ്യം നേതൃത്വത്തിന് ക്ഷീണമുണ്ടാക്കിയിരുന്നു. ജയരാജനൊത്ത എതിരാളിയെ കണ്ടെത്താനാവാതെ നേതാക്കൾ പകച്ചുനിന്നപ്പോഴാണ് കോൺഗ്രസിലെ ക്രൗഡ്പുള്ളർ പരിവേഷമുള്ള കെ. മുരളീധരൻ നാടകീയമായി സ്ഥാനാർത്ഥിയായത്. വടകരയിൽ ഗൗരവമുള്ള മത്സരത്തിന് സ്വീകാര്യതയുള്ള സീനിയർ നേതാവ് തന്നെ വേണമെന്ന ഹൈക്കമാൻഡിന്റെ ഉറച്ച നിലപാടും മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഇടപെടലും ഇതിന് വഴിവച്ചു. ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും തിങ്കളാഴ്ച സന്ധ്യയ്ക്ക് മുല്ലപ്പള്ളിയെ വിളിച്ച് മത്സരിക്കാനാവശ്യപ്പെട്ടു.

ഇല്ലെങ്കിൽ മുരളീധരൻ വേണമെന്നും. തങ്ങൾ ഇന്നലെയും ഉമ്മൻചാണ്ടിയെ വിളിച്ച് മുരളിയെ മത്സരിപ്പിക്കാൻ ഇടപെണമെന്ന് ആവശ്യപ്പെട്ടു. വടകരയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ആർ.എം.പി നേതൃത്വവും മുല്ലപ്പള്ളിയെ വിളിച്ച് മത്സരിക്കാനഭ്യർത്ഥിച്ചു. മുല്ലപ്പള്ളി​ ഇല്ലെങ്കിൽ സുധീരനോ,​ മുരളീധരനോ വേണമെന്നായിരുന്നു ആർ.എം.പി നിലപാട്. മുല്ലപ്പള്ളി മത്സരിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. തുടർന്ന് അന്വേഷണം വി.എം. സുധീരനിലാണ് ആദ്യം എത്തിയത്. എന്നാൽ മുല്ലപ്പള്ളി സുധീരന്റെ പേര് തിരിച്ച് നിർദ്ദേശിച്ചപ്പോൾ അദ്ദേഹം പിടികൊടുത്തില്ല. സമ്മർദ്ദം മുറുകിയപ്പോൾ മുരളിയെ മുല്ലപ്പള്ളി ബന്ധപ്പെട്ടു.

നേരത്തേ വയനാട്ടിൽ മത്സരിക്കാൻ ഹൈക്കമാൻഡിനോട് മുരളീധരൻ സന്നദ്ധത അറിയിച്ചെങ്കിലും ലിസ്‌റ്റിൽ വന്നില്ല. മുരളീധരൻ ഇല്ലെന്നറിഞ്ഞാണ് ഉമ്മൻ ചാണ്ടി വയനാടിനായി പിടി മുറുക്കിയതും. ഇന്നലെ രാവിലെ ഡൽഹിയിൽ കരുനീക്കങ്ങൾ ശക്തമായി. ഹൈക്കമാൻഡുമായും കേരളത്തിലെയടക്കം മുതിർന്ന നേതാക്കളുമായും മുല്ലപ്പള്ളി ഫോണിൽ ബന്ധപ്പെട്ടു. അതിന്റെ തുടർച്ചയായി ഇന്നലെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനവേദിയിലായിരുന്നു മുരളിയുടെ സമ്മതം.

ക്ലൈമാക്‌സ്

ശശി തരൂരിന്റെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനവേദി. ഉമ്മൻ ചാണ്ടി മുരളിയോട് ചോദിച്ചു:

"വടകരയിൽ നോക്കിയാലെന്താ ? ഹൈക്കമാൻഡിന് താല്പര്യമാണ്."

"ഹൈക്കമാൻഡ് പറയുന്നെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാം" - മുരളി സമ്മതിച്ചു.