wat
വാട്സ് ആപ്പ് സന്ദേശം

തിരുവനന്തപുരം: പൊലീസ് ബറ്റാലിയനുകളിൽ നിലനിന്ന 673 താത്കാലിക പ്രൊമോഷൻ തസ്തികകൾ ഇല്ലാതാക്കാൻ, തിരഞ്ഞെടുപ്പിന്റെ മറവിൽ പൊലീസ് മേധാവി സൂത്രപ്പണി നടത്തിയെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത് വിവാദമായി. ബറ്റാലിയനുകളിൽ റിക്രൂട്ടുകളുടെ പരിശീലനത്തിന് നിലനിറുത്തിയിരുന്ന ഈ തസ്തികകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഫയൽ ധനകാര്യവകുപ്പിന്റെ പക്കലിരിക്കെയാണ് അത്രയും തസ്തികകൾ നിലവിലില്ലാത്തതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസ് ‌ ആസ്ഥാനത്തുനിന്ന് പട്ടിക നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പട്ടികയിൽ ഈ തസ്തികകൾ ഒഴിവാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ, ബറ്റാലിയൻ ഡി.ഐ.ജി പി. പ്രകാശിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ നാലാം ബറ്റാലിയനിലെ ഓഫീസർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാധാകൃഷ്‌ണനാണ്‌ പോസ്റ്റിട്ടത്.

ഡി.ജി.പിയുടെ പാരയാണിതെന്നും സൂത്രത്തിൽ പ്രൊമോഷൻ തസ്തികയിൽ കുറവുവരുത്തിയെന്നുമാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കാമായിരുന്നു. എന്നാൽ, അനുകൂലമായോ പ്രതികൂലമായോ സർക്കാർ ഉത്തരവിറങ്ങാതെ തന്നെ, തസ്തിക റദ്ദാക്കൽ പ്രാബല്യത്തിലാക്കുകയാണ് ചെയ്തത്. പൊലീസുകാരെയും കുടുംബത്തെയും സർക്കാർ വിരുദ്ധരാക്കാമെന്ന ചിന്ത ഡി.ജി.പിക്കുണ്ടാവാമെന്നും അസോസിയേഷനുകൾ ഇത് ഗൗരവമായെടുത്തിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. അസി. കമൻഡാന്റുമാരടക്കമുള്ള ഗ്രൂപ്പിൽ ഡി.ജി.പിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ബ​റ്റാലിയനുകളിലെ പരിശീലകരുടെ കുറവു മൂലം താത്കാലിക സ്ഥാനക്കയ​റ്റത്തിലൂടെ സൃഷ്ടിച്ച ഈ തസ്തികകൾ 4 വർഷമായി നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31നുശേഷം ഈ തസ്തികകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.

''തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പൊലീസ് സേന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണ്. കൃത്യമായ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടത്. അതിനാൽ നിലവിലില്ലാത്ത തസ്തികകൾ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനാവില്ല. തസ്തികകൾക്ക് തുടരനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കൃത്യസമയത്ത് അപേക്ഷ നൽകിയെങ്കിലും ധനവകുപ്പാണ് വൈകിപ്പിച്ചത്''

-പൊലീസ് ആസ്ഥാനം