കുഴിത്തുറ: കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് ബന്ധുവിന്റെ നാലുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയി വാട്ടർടാങ്കിൽ മുക്കിക്കൊന്ന യുവാവ് അറസ്റ്റിൽ. കന്യാകുമാരിക്ക് സമീപം ആരോഗ്യപുരം സ്വദേശി അന്തോണി സ്വാമിയാണ് (36) അറസ്റ്റിലായത്. ആരോഗ്യപുരം സ്വദേശി ആരോഗ്യ കെപിൻരാജ് - ശരണ്യ ദമ്പതികളുടെ മകൻ റെയ്നയാണ് കൊല്ലപ്പെട്ടത്. കെപിൻ രാജിന്റെ അമ്മയുടെ അടുത്തബന്ധുവാണ് അന്തോണി സ്വാമി.
സംഭവശേഷം ഒളിവിൽപ്പോയ ഇയാളെ പാലക്കാട്ട് നിന്നാണ് പിടികൂടിയത്. കന്യാകുമാരി ഡിവൈ.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്ക്വാഡുകൾ ഇയാൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഫോൺ ട്രാക്ക് ചെയ്‌തപ്പോൾ അന്തോണി സ്വാമി പാലക്കാട്ടേക്ക് പോകുകയാണെന്ന് വിവരം ലഭിച്ചു. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ട്രെയിനിൽ നിന്ന് പിടികൂടി കന്യാകുമാരിയിലെത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. കെപിൻരാജ് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ 58,000 രൂപ തിരികെ നൽകിയില്ലെന്നും ഇതേത്തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും അന്തോണി സ്വാമി പൊലീസിനോട് പറഞ്ഞു. 17ന് കുട്ടി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അന്തോണി സ്വാമി കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ശരണ്യയെ ഫോണിൽ വിളിച്ച് കുട്ടി തന്റെ പക്കലുണ്ടെന്നും ബാക്കി പണം തന്നാലെ തിരിച്ചയയ്ക്കൂ എന്നും പറഞ്ഞു. എന്നാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ കുട്ടിയെ വീടിന് സമീപത്തെ മണക്കുടിയിലുള്ള തെങ്ങിൻതോപ്പിലെ വാട്ടർടാങ്കിൽ മുക്കിക്കൊന്ന ശേഷം ട്രെയിനിൽ പാലക്കാട്ടേക്ക് പോയെന്നും അന്തോണി സ്വാമി പൊലീസിനോട് പറഞ്ഞു.