congress-in-madhyapradesh

തിരുവനന്തപുരം:കെ. മുരളീധരനെ വടകരയിൽ നിറുത്തിയതോടെ കോൺഗ്രസ് പട്ടിക ശ്രദ്ധാകേന്ദ്രമായെങ്കിലും സ്ഥാനാർത്ഥി ചർച്ചകൾ ഗ്രൂപ്പ് പോര് രൂക്ഷമാക്കി. കൈയിലിരുന്ന വയനാട് സീറ്റ് നഷ്ടപ്പെട്ടതിൽ ഐ ഗ്രൂപ്പിൽ അമർഷം കനക്കുന്നു. വടകരയിൽ കെ. മുരളീധരന്റെ വരവ് എ ഗ്രൂപ്പിനുള്ള മറുപടിയായി ഐ നേതൃത്വം വിലയിരുത്തുകയുമാണ്. അതേസമയം,​ പ്രതീക്ഷയുള്ള ഒന്നിലേറെ സീറ്റുകൾ ഉറപ്പിച്ചുനിറുത്തിയത് എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും വിജയമായി.

ഇന്നത്തെ വയനാട് മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മത്സരിച്ചത് വിശാല ഐയിലെ അന്തരിച്ച എം.ഐ. ഷാനവാസാണ്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ ഇത് എ ഗ്രൂപ്പിന് അടിയറവച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ഐ ഗ്രൂപ്പിലെ വികാരം. സ്ഥാനാർത്ഥി ചർച്ചയുടെ തുടക്കത്തിൽ ഇടുക്കിക്കായി പിടിമുറുക്കിയെങ്കിലും അതും കൈവിടേണ്ടിവന്നു. ഇടുക്കിക്ക് പകരമാണ് എറണാകുളമെന്ന് ആദ്യം സമ്മതിച്ച ശേഷം എ ഗ്രൂപ്പ് തിരിഞ്ഞുകൊത്തിയെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. കെ.വി. തോമസ് മത്സരിച്ച എറണാകുളം ഹൈക്കമാൻഡ് ക്വോട്ടയായാണ് കണക്കാക്കിയിരുന്നത്. ഇത് ഐ ഗ്രൂപ്പിലെ ഹൈബി ഈഡന് നൽകിയപ്പോൾ മറ്റൊരു ഉറച്ച സീറ്റായ വയനാട് കിട്ടണമെന്ന കടുത്ത നിലപാടിലേക്ക് എ ക്യാമ്പ് നീങ്ങി. എറണാകുളം നൽകിയത് തന്നെ തങ്ങളെ വെട്ടിലാക്കാനായിരുന്നുവെന്ന് ഐ നേതൃത്വം കരുതുന്നു. കെ. കരുണാകരന്റെ കാലത്ത് ഐ ഗ്രൂപ്പിന്റേതായിരുന്ന എറണാകുളം കരുണാകരൻ പാർട്ടിയോട് ഇടഞ്ഞ് മാറിയ ശേഷമാണ് ഹൈക്കമാൻഡ് ക്വോട്ടയായത്. അത് തിരിച്ചുപിടിക്കാൻ മറ്റൊരു ഉറച്ച ക്വോട്ട അടിയറ വയ്ക്കേണ്ടതില്ലായിരുന്നെന്നാണ് ഗ്രൂപ്പിലെ വാദം.

വയനാടിനായുള്ള എ ഗ്രൂപ്പിന്റെ പിടിവാശിക്ക് വഴങ്ങിയത് നേതൃത്വത്തിന്റെ വീഴ്ചയായി കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും രാഹുൽഗാന്ധിയുടെ ഇടപെടൽ മൂലമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കടുത്ത നിലപാടിലേക്ക് നീങ്ങാനാവാതെ പോയതെന്ന് നേതൃത്വം പറയുന്നു. എല്ലാം ശരിയായി പരിഹരിക്കാൻ രാഹുൽ നിർദ്ദേശിച്ചപ്പോൾ അതിന് വിരുദ്ധ നിലപാടെടുക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയുമായിരുന്നില്ല. ഗ്രൂപ്പിസത്തിന് നേതൃത്വം നൽകുന്നുവെന്ന പഴി ഹൈക്കമാൻഡിൽ നിന്ന് കേൾക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

ആരോപണങ്ങൾക്കും പഴികൾക്കുമുള്ള മറുപടിയായി കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ ഐ ക്യാമ്പ് എടുത്തുകാട്ടുകയാണ്. വയനാട് നഷ്ടപ്പെട്ടതിലെ പ്രതിഷേധം ഒഴിവാക്കാൻ കഴിഞ്ഞ ദിവസം രാത്രിയിൽ ഐ നേതാക്കൾ നടത്തിയ നീക്കങ്ങളാണ് വടകരയിൽ മുരളീധരനെ എത്തിച്ചതെന്നാണ് അവരുടെ അവകാശവാദം.

മലബാറിൽ വേരുകളുള്ള മുരളീധരൻ,​ കരുണാകരന് ശേഷം മലബാറിലെ കോൺഗ്രസിന്റെ ശോഷിച്ചുപോയ മുഖം തിരിച്ചുപിടിക്കാൻ പറ്റിയ നേതാവാണെന്ന് കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നുണ്ട്. ലീഗുമായും നല്ല ബന്ധമുള്ള മുരളിയുടെ വരവ് ആ നിലയ്ക്കും ഗുണകരമാകും. മുരളി ജയിച്ചാൽ വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം പിടിക്കാമെന്ന് കണക്കുകൂട്ടുന്ന ബി.ജെ.പിയുടെ രഹസ്യപിന്തുണയും ഒരുപക്ഷേ വടകരയിൽ മുരളിക്ക് കിട്ടിയേക്കാം.