pregnent

തിരുവനന്തപുരം: പ്രസവാവധിക്കുപോയ സമയത്ത് പിരിച്ചുവിട്ട ജീവനക്കാരിയെ കോടതി വിധിയും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവുമുണ്ടായിട്ടും തിരിച്ചെടുക്കുന്നില്ലെന്ന് പരാതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ലൈബ്രേറിയൻ ദീപാ ദാസാണ് പരാതിക്കാരി. പ്രസവാവധിക്ക് പോയ ദീപയെ പിരിച്ചു വിടുകയും പകരം പുതിയ ആളെ നിയമിക്കുയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ ദീപ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പരാതിക്കാരിയെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കമ്മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ല. ഇതിനെതിരെ ദീപ ഹൈക്കോടതിയെ സമീപിച്ചു. പകരം നിയമിച്ചയാളെ ഒരു മാസത്തിനകം പിരിച്ചുവിട്ട് ദീപയെ നിയമിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചെങ്കിലും സിംഗിൾ ബെഞ്ച് വിധി ശരി വയ്ക്കുകയായിരുന്നു. ഇതുപ്രകാരം പുതിയതായി നിയമിച്ചയാളെ പിരിച്ചുവിട്ടെങ്കിലും ദീപയെ തിരികെ നിയമിക്കാൻ അധികൃതർ തയ്യാറായില്ല. പിരിച്ചുവിട്ട ഒഴിവ് നിലനിൽക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണെന്നാണ് നാഷണൽ ലേബർ ഓർഗനൈസേഷൻ ആരോപിക്കുന്നത്. ഇതിനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ലേബർ ഓർഗനൈസേഷൻ സെക്രട്ടറി ഡി. ക്രിസ്തുദാസ് പറഞ്ഞു.