ipl-chennai-supperkings
ipl chennai supperkings

ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണിൽ കിരീട പ്രതീക്ഷയുമായി തയ്യാറെടുക്കുകയാണ് 'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്.

അൻസാർ എസ്. രാജ്

ചെന്നൈ : ഇന്ത്യൻ പ്രിമിയർ ലീഗിലെ സിംഹ രാജാക്കന്മാരാണ് ചെന്നൈ സൂപ്പർ കിംഗ്സ് എന്ന് അവരുടെ ഷെൽഫിലിരിക്കുന്ന കിരീടങ്ങൾ വിളിച്ചു പറയും. സാക്ഷാൽ മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈയുടെ മഞ്ഞക്കുപ്പായക്കാർ ഇതുവരെ മുത്തമിട്ടത് മൂന്ന് ഐ.പി.എൽ കിരീടങ്ങളിലാണ്. നാലു തവണ ഫൈനലിലെത്തി തോറ്റു. അതിലേറെ പ്രധാനം ഇതുവരെ എല്ലാ സീസണിലും പ്ളേ ഓഫിൽ കളിച്ച ഒരേ ഒരു ടീം ധോണിയുടേതാണെന്നതാണ്.

വാതുവയ്പിന്റെ രണ്ട് കൊല്ലത്തെ വിലക്കിന് ശേഷം കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിലേക്ക് തിരിച്ചുവന്ന ധോണിയും കൂട്ടരും ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് കീഴടക്കി കപ്പും കൊണ്ടാണ് ചെന്നൈയ്ക്ക് മടങ്ങിയത്. 2008ലെ ആദ്യ സീസണിൽ തന്നെ ചെന്നൈ ചാമ്പ്യൻമാരാകേണ്ടതായിരുന്നു,. എന്നാൽ ഫൈനലിൽ അപ്രതീക്ഷിത കുതിപ്പ് തടസമായി. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന പോലെ ചെന്നൈയെ ആദ്യ കിരീടം തേടിയെത്തിയത് 2010 ലെ മൂന്നാം സീസണിലാണ്. അടുത്ത സീസണിലും ധോണിപ്പട കിരീടനേട്ടം ആവർത്തിച്ചു. 2012, 13, 15 സീസണുകളിൽ ഫൈനലിൽ തോൽക്കേണ്ടിവന്നു. 2016, 17 സീസണുകളിലാണ് വിലക്കപ്പെട്ട് മാറി നിന്നത്.

ബി.സി.സി.ഐയുടെ തലപ്പത്തിരുന്ന എൻ. ശ്രീനിവാസൻ താരലേലത്തിലൂടെ മികച്ച കളിക്കാരെയൊക്കെ സ്വന്തമാക്കിയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ അടിത്തറ പണിതത്. 2008 മുതൽ ധോണിയും റെയ്‌നയും മുരളി വിജയ്‌യും ഒക്കെ ചെന്നൈയുടെ മുന്നണിയിലുണ്ട്. ഈ അടിത്തറ തന്നെയാണ് അവരുടെ ശക്തിയും.

മുൻ കളിക്കാരൻ കൂടിയായ സ്റ്റീവൻ ഫ്ളെമിംഗാണ് സൂപ്പർ കിംഗ്സിന്റെ പരിശീലകൻ. ബാറ്റിംഗ് കോച്ചായും ബൗളിംഗ് കോച്ചായുമുള്ളത് മുൻ താരങ്ങൾ തന്നെ, മൈക്കൽ ഹസിയും ലക്ഷ്മിപതി ബാലാജിയും. ബൗളിംഗ് കൺസൾട്ടന്റായി എറിക് സൈമൺസുമുണ്ട്.

ചെന്നൈ ഐ.പി.എൽ ചരിത്രം

2008 - റണ്ണേഴ്സ് അപ്പ്

2009 - പ്ളേ ഓഫ്

2010 - ചാമ്പ്യൻസ്

2011 - ചാമ്പ്യൻസ്

2012 - റണ്ണേഴ്സ് അപ്പ്

2013 - റണ്ണേഴ്സ് അപ്പ്

2014 - പ്ളേ ഓഫ്

2015 - റണ്ണേഴ്സ് അപ്പ്

2016 - വിലക്ക്

2017 - വിലക്ക്

2018 - ചാമ്പ്യൻസ്

3

കിരീടങ്ങളുമായി മുംബയ് ഇന്ത്യൻസിനൊപ്പം കിരീട നേട്ടങ്ങളിലെ റെക്കാഡ് പങ്കിടുന്നു

7

ഫൈനലുകളിൽ കളിച്ച ഏക ടീമും ചെന്നൈ സൂപ്പർ കിംഗ്സാണ്.

9

കളിച്ച ഒൻപത് തവണയും പ്ളേ ഓഫിൽ കടക്കാൻ കഴിഞ്ഞ ടീമാണ് ചെന്നൈ.

ഈ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ചത് മഹേന്ദ്രസിംഗ് ധോണിയാണ്.

2

ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ചെന്നൈ സ്വന്തമാക്കി

4985

ചെന്നൈ താരമായ സുരേഷ് റെയ്ന‌യാണ് ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്‌മാൻ.

ചെന്നൈ സിംഹങ്ങൾ ഇവർ

മഹേന്ദ്രസിംഗ് ധോണി

37 വയസിലെത്തിയെങ്കിലും ഇന്ത്യൻ ടീമിന്റെ നായക പദവി ഒഴിഞ്ഞെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ 'തല' ഇന്നും ധോണി തന്നെ. നായകനെന്ന നിലയിൽ ധോണി പകരുന്ന ഊർജം അളവറ്റതാണ്. വിക്കറ്റിന് പിന്നിൽ ധോണിയാണ് ടീമിന്റെ ശക്തി സ്രോതസ്. 15 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ നായകനായി നിലനിറുത്തിയിരിക്കുന്നത്.

സുരേഷ് റെയ്‌ന

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺവേട്ടക്കാരൻ. ദേശീയ ടീമിൽ സ്ഥാനം നഷ്ടമായെങ്കിലും ഐ.പി.എല്ലിൽ ഇന്നും പ്രസക്തൻ. 11 കോടിരൂപയാണ് റെയ്‌നയ്ക്ക് ചെന്നൈ നൽകുന്ന പ്രതിഫലം. പാർട്ട് ടൈം സ്പിന്നറായും പ്രയോജനപ്പെടുത്താനാകുന്നു.

അമ്പാട്ടി റായ്ഡു

ഇന്ത്യൻ ലോകകപ്പ് ടീമിലെ നാലാം നമ്പർ പൊസിഷനിൽ പേര് ഉറപ്പിക്കുകയാണ് ഐ.പി.എൽ കൊണ്ട് അമ്പാട്ടി റായ്ഡു ലക്ഷ്യമിടുന്നത്. സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല. 2.2 കോടിയാണ് പ്രതിഫലം.

കേദാർ യാദവ്

7.8 കോടി രൂപയ്ക്കാണ് കേദാറിനെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിറുത്തിയിരിക്കുന്നത്. മദ്ധ്യനിരയിലെ മികച്ച ഫിനിഷറാണ് കേദാർ. പാർട്ട് ടൈം ബൗളറുമാണ്.

രവീന്ദ്ര ജഡേജ

ധോണിയുടെ പ്രിയപ്പെട്ട ജഡ്ഡുഭായ്. മികച്ച ആൾ റൗണ്ടർ. ഏഴ് കോടി പ്രതിഫലം. ഇന്ത്യൻ ടീമിൽ സ്ഥിര സ്ഥാനം ഉറപ്പിക്കാൻ ഐ.പി.എല്ലിൽ മികവ് പ്രകടിപ്പിച്ചേ മതിയാകൂ,

ഫാഫ് ഡുപ്ളെസിസ്

ചെന്നൈയുടെ വിശ്വസ്തനായ വിദേശ താരമാണ് ദക്ഷിണാഫ്രിക്കൻ നായകൻ. 1.6 കോടി രൂപയ്ക്കാണ് ടീമിൽ നിലനിറുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം. പരിചയ സമ്പത്താണ് മറ്റൊരു അനുകൂല ഘടകം.

ഷേൻ വാട്ട്സൺ

ആസ്ട്രേലിയൻ വെറ്ററൻ ആൾ റൗണ്ടറായ ഷേൻ വാട്ട്സൺ ധോണിയുടെ സമപ്രായക്കാരാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാലു കോടിയാണ് ഇത്തവണ പ്രതിഫലം.

ഡ്വെയ്ൻ ബ്രാവോ

35 കാരനായ കരീബിയൻ ആൾ റൗണ്ടർ ധോണിയുടെ വിശ്വസ്തൻ. വമ്പനടികൾക്കും കൃത്യതയാർന്ന ബൗളിംഗിനും കേമൻ. 6.4 കോടിയാണ് പ്രതിഫലം.

ഹർഭജൻ സിംഗ്

വെറ്ററൻ താരമായ ഹർഭജൻ സിംഗ് കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നുവെങ്കിലും സ്ഥിരം പ്ളേയിംഗ് ഇലവനിൽ എത്തിയിരുന്നില്ല. 2 കോടി പ്രതിഫലം. ഹർഭജന്റെ അനുഭവസമ്പത്താണ് ചെന്നൈ പ്രതീക്ഷിക്കുന്നത്.

ഇമ്രാൻ താഹിർ

ടീമിലെ ഏറ്റവും പ്രായമേറിയ താരമാണ് ഈ 39 കാരൻ. ലെഗ്സ്‌പിന്നറായ ഇമ്രാൻ താഹിർ ഐ.പി.എല്ലിൽ നിരവധി മികച്ച പ്രകടനങ്ങൾക്ക് ഉടമയാണ്. ഒരു കോടിയാണ് പ്രതിഫലം.

മലയാളി മുഖം

കെ.എം. ആസിഫ്

മീഡിയം പേസറായ മുഹമ്മദ് ആസിഫ് കഴിഞ്ഞ സീസണിലാണ് ചെന്നൈ സൂപ്പർ കിംഗ്സിലൂടെ അരങ്ങേറിയത്. ആദ്യ മത്സരങ്ങളിൽ മികവ് കാട്ടിയെങ്കിലും പിന്നീട് റൺസ് വഴങ്ങി. പുതിയ സീസണിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.

ചെന്നൈയുടെ പോരാട്ടങ്ങൾ

മാർച്ച് 23

Vs ബംഗളൂരു

മാർച്ച് 26

Vs

ഡൽഹി

മാർച്ച് 31

Vs

രാജസ്ഥാൻ

ഏപ്രിൽ 3

Vs

മുംബയ്

ഏപ്രിൽ 6

Vs പഞ്ചാബ്

ഏപ്രിൽ 9

Vs കൊൽക്കത്ത

ഏപ്രിൽ 11

Vs രാജസ്ഥാൻ

ഏപ്രിൽ 14

Vs കൊൽക്കത്ത

ഏപ്രിൽ 17

Vs ഹൈദരാബാദ്

ഏപ്രിൽ 21

Vs ബാംഗ്ളൂർ

ഏപ്രിൽ 23

Vs ഹൈദരാബാദ്

ഏപ്രിൽ 26

Vs മുംബയ്

മേയ് 1

Vs ഡൽഹി

മേയ് 5

Vs മൊഹാലി

ഐ.പി.എൽ രണ്ടാംഘട്ട ഫിക്സർ തയ്യാറായി

ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ മുഴുവൻ ഫിക്സയറും ഇന്നലെ പ്രസിദ്ധീകരിച്ചു. ഈ മാസം 23 ന് ചെന്നൈ സൂപ്പർ കിംഗ്സും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ ചെന്നൈയിലാണ് ആദ്യ മത്സരം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനനുസരിച്ചാണ് മത്സരങ്ങളും തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ആദ്യ 17 മത്സരങ്ങളുടെ സമയക്രമം ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു.

എന്നാൽ പ്ളേ ഒാഫ് മത്സരങ്ങളുടെ ഫിക്സ്ചർ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. മേയ് 12 ന് ചെന്നൈയിൽ വച്ചാകും ഫൈനൽ എന്ന് അറിയുന്നു.

8 ടീമുകൾ

ചെന്നൈ സൂപ്പർ കിംഗ്സ്

ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്

ഹൈദരാബാദ് സൺ റൈസേഴ്സ്

മുംബയ് ഇന്ത്യൻസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

രാജസ്ഥാൻ റോയൽസ്

ഡൽഹി ക്യാപിറ്റൽസ്

പഞ്ചാബ് കിംഗ്സ് ഇലവൻ.