ananthu-gireesh

തിരുവനന്തപുരം : തലസ്ഥാന നഗരത്തെ ഞെട്ടിച്ച അനന്തു ഗിരീഷ് (21) കൊലപാതക കേസിലെ അവസാനപ്രതി ഒരാഴ്ചയായി പൊലീസിനെ തന്ത്രപരമായി കബളിപ്പിക്കുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രാവച്ചമ്പലം സ്വദേശി സുമേഷിനെയാണ് പൊലീസിന് ഇതുവരെയും പിടികൂടാൻ കഴിയാത്തത്. ഒളിവിൽ പോയ ആദ്യദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച പ്രതി രണ്ട് ദിവസത്തിന് ശേഷം ഫോൺ ഓൺ ചെയ്തിട്ടില്ല. തുടർന്നുള്ള അന്വേഷണത്തിനും പിടിയിലായ പ്രതികളുടെ മൊഴിയിൽ നിന്നും ഇയാൾ അന്യസംസ്ഥാനത്തേക്കു കടന്നതായാണ് വിവരം. എന്നാൽ ഇതിലും വ്യക്തതയില്ല. കേസിലെ മറ്റുള്ള 13 പ്രതികളും റിമാൻഡിലാണ്.

കഴിഞ്ഞ ബുധനാഴ്ച നീറമൺകര ബി.എസ്.എൻ.എല്ലിന്റെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനന്തുവിന്റെ മൃതദേഹം ലഭിച്ചതിന് പിന്നാലെ 5 പേരെയും തുടർന്നുള്ള ദിവസങ്ങളിൽ മറ്റുള്ള പ്രതികളെയും പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അനന്തുവിനെ തട്ടിക്കൊണ്ട് പോയ ശേഷം അനന്തുവിന്റെ കൂട്ടുകാർ കൊലയാളി സംഘത്തിൽപ്പെട്ട അരുൺബാബുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. അരുൺബാബുവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാളെ അനന്തുവിന്റെ കൂട്ടുകാർ വഴിയിൽ ഉപേക്ഷിച്ചു. അനന്തു കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് അരുൺബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവർ പിടിയിലായത്. എന്നാൽ അവസാനപ്രതി സുമേഷിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മറ്റുള്ള പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല.