തിരുവനന്തപുരം: വിദ്യാർത്ഥികളെ പരീക്ഷിച്ച് എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷ. അതിസമർത്ഥർക്കു പോലും വളരെ ആലോചിച്ച് ഉത്തരമെഴുതേണ്ട വിധം നിലവാരമുള്ളതായിരുന്നു ഇത്തവണത്തെ കെമിസ്ട്രി ചോദ്യപേപ്പറെന്ന് അദ്ധ്യാപകരുടെ വിലയിരുത്തൽ. എങ്കിലും തോറ്റു പോകുമെന്ന ആവലാതി കൂട്ടികൾക്കു വേണ്ടെന്നും ശരാശരി വിദ്യാർത്ഥികൾക്ക് സി പ്ലസ്, ബി ഗ്രേഡുകളായിരിക്കും കിട്ടാൻ സാദ്ധ്യതയെന്നും ചോദ്യപേപ്പർ വിലയിരുത്തിയ അദ്ധ്യാപകർ അഭിപ്രായപ്പെടുന്നു.
ഫിസിക്‌സ് പരീക്ഷ നൽകിയ ആത്മവിശ്വാസത്തിലാണ് വിദ്യാർത്ഥികൾ കെമിസ്ട്രിയെ സമീപിച്ചത്. എന്നാൽ ചോദ്യങ്ങൾ വായിച്ചതോടെ ആത്മവിശ്വാസം കുറഞ്ഞു. കുട്ടികൾക്ക് പൊതുവെ പ്രയാസമുള്ള പാഠഭാഗങ്ങളായ മോൾ സങ്കല്പം, ഓർഗാനിക് കെമിസ്ട്രി എന്നിവയിൽനിന്നുള്ള ചോദ്യങ്ങൾ എളുപ്പമയിരുന്നു. എന്നാൽ മോൾ സങ്കല്പം ചാപ്റ്ററിൽ നിന്ന് സോഡിയം ഹൈഡ്രോക്‌സൈഡും ജലവുമായി ചേരുമ്പോഴുള്ള മൊളാരിറ്റി ഫ്രാക്ഷൻ കണ്ടെത്താനുള്ള പാർട്ട് ബിയിലെ എട്ടാമത്തെ ചോദ്യം എ പ്ലസ് പ്രതീക്ഷിച്ചിരുന്നവരെ പോലും വലച്ചു.
ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥികളെയാണ് ചോദ്യപേപ്പർ ശരിക്കും വലച്ചത്. കെമിസ്ട്രി പരീക്ഷയിൽ എ പ്ലസുകാരുടെ എണ്ണം മുൻവർഷത്തെക്കാൾ കുറയുമെങ്കിലും ഒട്ടുമിക്ക പേർക്കും മോശമല്ലാത്ത സ്‌കോർ നേടാൻ കഴിയും. പൊതുപരീക്ഷയുടെ ചോദ്യപേപ്പർ ഇതുപോലെ നിലവാരം പുലർത്തുന്നത് നല്ലതാണ്. പരീക്ഷയുടെ ഗൗരവം വിദ്യാർത്ഥികൾക്കു ബോദ്ധ്യപ്പെടും.
ലിസി ടി.സേവ്യർ, കെമിസ്ട്രി അദ്ധ്യാപിക, പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ