medical-college-tvm

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രി പ്രധാന കവാടത്തിന് മുന്നിലെ പ്രധാന റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് രോഗികൾക്കും കാൽനട യാത്രികർക്കും തലവേദനയാകുന്നു. ഏതുനേരവും ഇവിടെ വാഹനത്തിരക്കാണ്. കണ്ണൊന്ന് തെറ്റിയാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലോ, അത്യാഹിത വിഭാഗത്തിലോ പെടാവുന്ന അവസ്ഥയാണ്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ച് കടക്കാൻ സീബ്രാ ലൈൻ പോലും ഇല്ലാത്ത അവസ്ഥയാണ്. വാഹനക്കുരുക്ക് രൂക്ഷമായ ഇവിടെ റോഡ്‌ മുറിച്ചു കടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. തിരക്കേറിയ സമയങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗതാഗത സ്തംഭനം പതിവായതോടെ വെട്ടിലായിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. മരുന്ന് വാങ്ങാനും മറ്റും പുറത്തിറങ്ങുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ സിഗ്നൽ ലൈറ്റോ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളോ പലപ്പോഴും ശ്രദ്ധിക്കാറില്ല. അതിനാൽ അപകടങ്ങളും നിത്യ സംഭവമാണ്. ആശുപത്രിയിൽ ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കും വരുന്നവർ നിരവധിപേരാണ്. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ചാലക്കുഴി റോഡിൽ പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ബസുകൾ പ്രധാന റോഡിൽ നിന്ന് ബസ് ടെർമിനലിലേക്ക് തിരിയുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയെന്ന് നാട്ടുകാർ പറയുന്നു. മെഡിക്കൽ കോളേജിനു മുന്നിലൂടെ പോകുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ബസ് ടെർമിനലിലേക്ക് എത്തിയാണ് മടങ്ങുന്നത്. തമ്പാനൂരിൽ നിന്നു വരുന്ന ബസുകളും പുതിയ ടെർമിനലിൽ കയറിയ ശേഷം മാത്രമാണ് യാത്ര തുടരുന്നത്. ചാലക്കുഴി റോഡിലൂടെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെത്തുന്ന ബസുകൾ സിഗ്നൽ ലഭിച്ചാൽ എത്രയും പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ തിടുക്കം കൂട്ടുന്നത് കാൽനട യാത്രികരെ ഭീതിയിലാഴ്ത്തുന്നു. റോഡ് മുറിച്ച് കടക്കാൻ അണ്ടർ പാസേജോ ആകാശ ഇടനാഴിയോ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. റോഡ് കൈയേറിയുള്ള കച്ചവടം അനിയന്ത്രിതമായതും കാൽനടയാത്രികർക്ക് വെല്ലുവിളിയാണ്. പ്രധാന കവാടത്തിന് സമീപം തീവ്ര പരിചരണ വിഭാഗം കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.