thomas-isaac

തിരുവനന്തപുരം: മൃഗസംരക്ഷണം, ക്ഷീരകൃഷി തുടങ്ങിയവയുൾപ്പെടെയുള്ള കാർഷികവായ്പകളിലെ കുടിശികയുമായി ബന്ധപ്പെട്ട് ജൂലായ് വരെ സംസ്ഥാനത്ത് ഒരു ബാങ്കും ജപ്തിനടപടികൾ സ്വീകരിക്കില്ലെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് വ്യക്തമാക്കി. പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ ജപ്തിനടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 11ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് ജൂലായ് വരെ പ്രാബല്യമുണ്ട്. ഇത് നിലവിലിരിക്കെ ചില ബാങ്കുകൾ ജപ്തി നടപടി സ്വീകരിക്കുന്നതറിഞ്ഞാണ് മൊറട്ടോറിയം ഡിസംബർ വരെ നീട്ടാൻ മന്ത്രിസഭ മാർച്ച് 5ന് തീരുമാനിച്ചത്. ഇത് തൊട്ടടുത്ത ദിവസം തന്നെ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് അറിയിക്കുകയും ബാങ്കുകൾ നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് ബാങ്ക് ഭരണസമിതിയുടെ അനുമതിയും റിസർവ് ബാങ്ക് അനുമതിയും തേടി കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മന്ത്രിസഭാ തീരുമാനം അനുസരിച്ച് പുതിയ ഉത്തരവിറക്കിയില്ല എന്നാണ് ആക്ഷേപം. നിലവിൽ മൊറട്ടോറിയം ഉള്ളതിനാൽ ഉത്തരവ് ഇറക്കിയില്ലെന്ന കാരണത്താൽ ജപ്തിനടപടിയിലേക്കു പോകാനാകില്ലെന്നും അത് സാങ്കേതികത്വം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.

മൊറട്ടോറിയം നിലവിലുണ്ടെന്നും അതിന്റെ കാലാവധി ഇൗ വർഷം ജൂലായ് വരെയുണ്ടെന്നും അത് നീട്ടിക്കൊണ്ടുള്ളതാണ് മന്ത്രിസഭാ തീരുമാനമെന്നും ചീഫ് സെക്രട്ടറി ടോംജോസും അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്ന സമയത്തും മൊറട്ടോറിയം ഉള്ളതിനാൽ തിരക്കുപിടിച്ച് ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.